കൊച്ചി: ബത്തേരി സർവജന സർക്കാർ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകൻ സി.വി.ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹൻ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. അധ്യാപകർ നിലവിൽ ഒളിവിലാണ്.
വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അധ്യാപകർ അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. മാനന്തവാടി എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച സ്കൂളിലെത്തി മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു.
കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒരുപകൽ നീണ്ട തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലുമാണ് പോലീസ് നടത്തിയത്. അതിനിടെ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പടിക്കൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.