സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നൽകിയില്ലെന്നതിലും അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു. സ്കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
സുൽത്താൻ ബത്തേരിയിലെ സ്കൂളിന്റെ സ്റ്റാഫ് റൂം നാട്ടുകാർ തല്ലിത്തകർത്തു. സ്റ്റാഫ് റൂമില് അധ്യാപകരില് ചിലരുണ്ടെന്നാരോപിച്ചാണ് റൂം തകർത്തത്. നേരത്തേ, സ്കൂളിലെത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാർ തടയുകയും ചെയ്തിരുന്നു. അധ്യാപകർക്കെതിരേ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ തുടർന്ന് ആരോപണം നേരിട്ട ഷജിൽ എന്ന അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.