സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽനിന്ന് പാന്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ക്ലാസിൽ കഴിഞ്ഞയാഴ്ചയും പാന്പിനെ കണ്ടതായി വിദ്യാർഥികൾ.
ഒരാഴ്ച മുൻപ് കുട്ടികൾ മൂർഖനെ കണ്ടിരുന്നു. സ്കൂളിനോടു ചേർന്ന ഭാഗങ്ങളിൽ മൂർഖനേയും, ശംഖുവരയനേയും (വെള്ളിക്കെട്ടൻ) ഇടയ്ക്കിടെ കാണാറുണ്ടെന്നും വിദ്യർഥികൾ ഭീതിയോടെ പറയുന്നു. നിരന്തരം പാന്പിനെ കാണുന്ന കാര്യം തങ്ങൾ അധ്യാപകരോടും വീട്ടിലും പറഞ്ഞതായാണ് കുട്ടികൾ പറയുന്നത്.
എന്നാൽ കാടുവെട്ടിതെളിക്കാനോ പൊത്തുകളുള്ള ഭീമൻ ചിതൽപുറ്റ് നശിപ്പിക്കാനോ ആരും മുൻകയ്യെടുത്തില്ല. ആളെകണ്ടാൽ പത്തിവിരിച്ച് ഭയപ്പെടുത്തുന്ന മൂർഖന്റെ മൂന്നിരട്ടി വിഷമുള്ള പാന്പാണ് വെള്ളിക്കെട്ടൻ. വയനാടൻ വനങ്ങളിൽ രാജവെന്പാലയുടെ സാന്നിധ്യവും വൻതോതിലുണ്ട്. സ്കൂളിന്റെ പരിസരവും ടോയ്ലെറ്റിലേക്കുള്ള വഴികളും കാടുമൂടി കിടക്കുകയാണ്. ഇവിടെ പാന്പിന്റെ ശല്യമുള്ളതായി വിദ്യാർഥികൾ പറയുന്നു.
ക്ലാസിൽ ചെരുപ്പിട്ട് കയറാൻ അനുവദിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ തങ്ങളുടെ സഹപാഠിയെ ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇന്നലെ രണ്ട് സംഘം പാന്പ് പിടുത്തക്കാർ സ്കൂളിലെത്തി പരിശോധന നടത്തിയെങ്കിലും പാന്പിനെ കണ്ടെത്താനായില്ല.
സ്കൂളിനുസമീപം കുറ്റിക്കാടും പുറ്റുകളും ധാരാളമായുള്ളതിനാൽ ഇവിടെ നിന്നുമാണ് പാന്പ് എത്തിയതെന്നാണ് കരുതുന്നത്. സ്കൂൾ കെട്ടിടത്തിന്റെ തറയിലുള്ള വിടവിലൂടെ അകത്തേക്ക് പ്രവേശിച്ചതാകാനാണ് സാധ്യതയെന്ന് പാന്പ് പിടുത്തക്കാർ പറയുന്നു. ഈ പ്രദേശങ്ങളിൽ മൂർഖൻ, വെള്ളിക്കെട്ടൻ എന്നീ ഇനങ്ങളിലുള്ള പാന്പുകളാണ് പതിവായി കാണുന്നതെന്നും ഇവർ പറഞ്ഞു. ഷഹല ഷെറിന്റെ കാല് വീണ പൊത്തിന്റെ ആഴം രണ്ട് മീറ്ററോളം വരും.
കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനോ വിദഗ്ധ ചികിത്സ ഉറപ്പാക്കാനോ അധ്യാപകർ തയാറാവാത്തതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. താനെത്തുന്പോഴേക്കും കുട്ടി അവശനിലയിലായിരുന്നുവെന്നും താനാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പിതാവ് അബ്ദുൽ അസീസ് പറഞ്ഞു.
എന്തിനാണ് എന്നെ കാത്തുനിന്നത്. സ്കൂളിൽ ഇത്രയും വാഹനങ്ങൾ ഉള്ളപ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടിയിരുന്നത്. താനെത്തുന്പോൾ കുട്ടിയെ കസേരയിൽ ഇരുത്തിയിരിക്കുകയായിരുന്നു. മുറിവിന്റെ മുകളിലായി തുണികൊണ്ട് കെട്ടിയിരുന്നു. കുട്ടിയെ തോളിലേറ്റിയാണ് വാഹനത്തിലേക്ക് കയറ്റിയത്.
ആദ്യം എത്തിച്ചത് സ്വകാര്യ ആശുപത്രിയിലാണ്. ആന്റിവെനം താലൂക്ക് ആശുപത്രിയിൽ ഉള്ളതിനാൽ അവിടേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ നിർദേശം. താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടും ആന്റിവെനം നൽകാൻ തയാറായില്ല.
രണ്ട് തവണ പരിശോധനയ്ക്കായി രക്തമെടുക്കുകയും ചെയ്തു. തുടർന്ന് കുട്ടി ഛർദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ആംബുലൻസ് ആശുപത്രി അധികൃതർ തന്നെ വിളിച്ചുതന്നു.
എന്നാൽ വൈത്തിരി എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാവുകയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീടാണ് കുട്ടി മരിച്ചത്. താൻ വരുന്നതുവരെ കാത്തുനിൽക്കാതെ കുട്ടിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഷഹല തങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നുവെന്ന് വിങ്ങലോടെ അബ്ദുൾ അസീസ് പറഞ്ഞു.