സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാന്പ് കടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂൾ അധികൃതരുടേത് അതിഗുരുതര അനാസ്ഥ. പാന്പ് കടിയേറ്റെന്ന് മരണപ്പെട്ട ബത്തേരി പുത്തൻകുന്ന് നൊട്ടൻവീട്ടിൽ ഷഹലയും സഹപാഠികളും ആവർത്തിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോവാനോ പ്രാഥമിക ചികിത്സ നൽകാനോ അധ്യാപകർ തയാറായില്ലെന്ന് സഹപാഠികൾ ആവർത്തിച്ചു പറയുന്നു.
ക്ലാസ് മുറിയിൽ നിന്ന് പാന്പ് കടിയേറ്റ് മണിക്കൂറുകൾ വേദന കടിച്ചുതിന്ന് ഒരു പത്ത് വയസുകാരി സ്കൂളിൽ തേങ്ങുന്പോഴും കണ്ടില്ലെന്ന് നടിച്ച അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കളും സംഘടനകളും സ്കൂളിൽ വലിയ പ്രതിഷേധമുയർത്തി.
മനപൂർവം ചികിത്സ വൈകിപ്പിച്ചും ഗുരുതര നിസംഗതപുലർത്തിയും ഒരു പത്തുവയസുകാരിയെ സ്കൂളധികൃതർ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. നാട്ടുകാരുടെയും പിടിഎയുടെയും പരാതിയെത്തുടർന്ന് സി.പി. ഷജീൽ എന്ന പ്രൈമറി അധ്യാപകനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര അറിയിച്ചു.
സംഭവത്തിൽ സ്കൂളിന് വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും സമ്മതിച്ചു. സ്കൂളിന് ഒരു കിലോമീറ്റർ പരിധിയിൽ അര ഡസനിലധികം ആശുപത്രികളുണ്ടായിട്ടും പാന്പ് കടിയേറ്റ് ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമാണ് കുട്ടിയെ ചികിത്സയ്ക്കായെത്തിച്ചത് എന്നത് അനാസ്ഥയുടെ ഗൗരവം വെളിവാക്കുന്നുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഷഹ്ലക്ക് സ്കൂൾ തറയിലെ പൊത്തിൽനിന്ന് പാന്പ് കടിയേൽക്കുന്നത്. ഉടൻ സഹപാഠികൾ ടീച്ചറെ വിവരമറിയിച്ചിട്ടും കുട്ടിയുടെ കാലിലെ മുറിവ് ബോധ്യമായിട്ടും രക്ഷിതാവ് വരുന്നത് വരെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് ഷഹ്ലയുടെ സഹപാഠികൾ തന്നെ പറയുന്നു. ഒടുവിൽ പിതാവ് അഡ്വ. അബ്ദുൽ അസീസ് എത്തിയതിന് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഇത്രയും നേരം വേദന തിന്ന് ശരീരത്തിലെ നിറം മാറി സ്കൂൾ വരാന്തയിൽ വിറച്ച് നിൽക്കുകയായിരുന്നു അവൾ.
കൃത്യസമയത്ത് ആസ്പത്രിയിലെത്തിക്കാനോ വിദഗ്ധ ചികിത്സ ഉറപ്പാക്കാനോ അധ്യാപകർ തയാറാവാത്തതാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. താനെത്തുന്പഴേക്കും കുട്ടി അവശനിലയിലായിരുന്നുവെന്നും താനാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ട്പോയതെന്നും പിതാവ് അബ്ദുൽ അസീസ് പറഞ്ഞു.
അടിസ്ഥാനസൗകര്യം പോലുമില്ലാത്ത സ്കൂളിൽ പൊട്ടിപ്പൊളിഞ്ഞ തറയിൽ ചെരുപ്പിടാൻ പോലും അധ്യാപകർ അനുവദിക്കാറില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പൊട്ടിപ്പൊളിഞ്ഞ തറയിൽ വലിയ മാളങ്ങൾ രൂപപ്പെട്ടിട്ടും അത് അധികൃതരുടെ ശ്രദ്ധയിൽപെടുത്താൻ പോലും അധ്യാപകർ തയാറായില്ല.
ഇന്നലെ രാവിലെയോടെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി. സ്കൂളിലെത്തിയ ഡിഇഒക്കെതിരെയും പ്രതിഷേധമുയർന്നു. സംഭവത്തിൽ പ്രതിഷേധവുമായി എംഎസ്എഫ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.
ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പ്രധാന അധ്യാപകർക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഖേന നിർദ്ദേശം നൽകുമെന്ന് രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്. ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കഐസ്യുവും മാർച്ച് നടത്തി. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ജില്ലയിൽ കഐസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.