സുൽത്താൻ ബത്തേരി: ഷഹല ഷെറിൻ മരണമടഞ്ഞ് മൂന്ന് ദിവസം പിന്നിടുന്പോളും വാഗ്വാദങ്ങൾക്ക് കുറവില്ല. പ്രതിഷേധത്തിന് അയവുമില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചാം ക്ലാസുകാരി ഷഹല മരണത്തിന് കീഴടങ്ങിയത്. ഇതേ തുടർന്ന് ആരംഭിച്ച പ്രതിഷേധം കേരളമൊട്ടാകെ വ്യാപിച്ചു.
അധികൃതരുടെ കടുത്ത അനാസ്ഥ കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് പെട്ടെന്ന് തേച്ചുമാച്ച് കളയാൻ കഴിയില്ല. നടുക്കുന്ന ഓർമകളിൽ നിന്നും ഷഹലയുടെ കുടുംബം മോചിതരായിട്ടില്ല. ഇന്നലെ മന്ത്രിമാർ അടക്കമുള്ള നേതാക്കൾ ഷഹലയുടെ വീടും പഠിച്ച സ്കൂളും സന്ദർശിക്കാനെത്തിയിരുന്നു.
കൂടാതെ ബാലവകാശ സംരക്ഷണ കമ്മീഷന്റെ തെളിവെടുപ്പും നടന്നു. അതിനിടെ പ്രതിഷേധ അലയടികളും നിറഞ്ഞുനിന്നു. ഇന്നലെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥും കൃഷി മന്ത്രി വി.എസ് സുനിൽകുമാറും രാവിലെ തന്നെ ഷഹലയുടെ വീടും സ്കൂളും സന്ദർശിച്ചു.
മന്ത്രി രവീന്ദ്രനാഥ് ഷഹലയുടെ രക്ഷിതാക്കളോട് കൈകൂപ്പി മാപ്പ് അപേക്ഷിച്ചാണ് മടങ്ങിയത്. യുവമോർച്ചയും യൂത്ത് കോണ്‍ഗ്രസും മന്ത്രിമാർക്കെതിരേ കരിങ്കൊടിയുമായി രംഗത്തെത്തി. പോലീസ് പ്രവർത്തകരെ നീക്കി.
പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് മുനീറും പി.ജെ ജോസഫും മറ്റു നേതാക്കളും എത്തി. ഷഹലയുടെ വീടും സ്കൂളും സന്ദർശിച്ചു. നഗരസഭ ഓഫീസിനുമുന്‍പിലെ യുഡിഎഫ് ധർണ രമേശ് ചെന്നത്തല ഉദ്ഘാടനം ചെയ്തു. നഗരസഭയാണ് ഷഹലയുടെ മരണത്തിന് ഉത്തരവാദിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സൗകര്യമില്ലാതിരുന്ന കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയാണ് കുട്ടി മരിക്കാൻ കാരണമെന്നമായിരുന്നു ആരോപണത്തിന്റെ പൊരുൾ. എന്നാൽ നഗരസഭ അധികൃതർ നിഷേധിച്ചു.
ഷഹലയുടെ മരണത്തോടെ നാട് ഉണർന്നു. ജില്ലയിലെ സ്കൂളുകളുടെ പരിസരങ്ങൾ വൃത്തിയാക്കാന്‍ തുടങ്ങി. സർവജന ഹൈസ്കൂളിന് സമീപങ്ങളിലെ ചിതൽപുറ്റുകളും പൊളിച്ചുനീക്കി. എന്നാൽ സ്കൂളിന് മുൻഭാഗത്ത് കുട്ടികളുടെ സമരം തുടരുകയാണ്.