തിരുവനന്തപുരം: ഭർതൃ ഗൃഹത്തിലെ പീഡനത്തെ തുടർന്ന് തിരുവല്ലത്ത് ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേർ പിടിയിൽ. ഭർത്താവ് നൗഫൽ, ഭർത്താവിന്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. പോത്തൻകോട് പോലീസിൽ നൽകിയ പരാതിയിൽ ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.
2020 ലായിരുന്നു നൗഫലിന്റേയും ഷഹാനയുടേയുംവിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം യുവതിയുടെ കടുംബത്തിന് സാമ്പത്തിക സ്ഥിതി കുറവാണെന്ന് പറഞ്ഞ് നിരന്തരം ഭതൃമാതാവും ബന്ധുക്കളും ഷഹാനയെ പരിഹസിക്കുകയും വഴക്കിടുകയും ചെയ്തു. ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ ഷഹാനയെ തളർത്തി. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.
ഇതിനിടെ തന്റെ സഹോദരന്റെ മകന്റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കുന്നതിനു കൂട്ടികൊണ്ടു പോകാനായി നൗഫൽ ഷഹാനയെ കാണാനെത്തി. എന്നാൽ ക്ഷണിക്കാത്ത ചടങ്ങിൽ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ട് അതിനാൽ വരാൻ സാധിക്കില്ലെന്ന് ഷഹാന പറഞ്ഞു. അതോടെ ഇരുവരുടേയും ഒന്നരവയസുള്ള മകനേയും കൊണ്ട് വീട്ടിലേക്ക് പോയ നൗഫൽ അര മണിക്കൂറിനുള്ളിൽ തന്റെ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹാനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കേട്ടതോടെ മാനസികമായി തകർന്ന ഷഹാന കുഞ്ഞിനെ നഷ്ടപ്പെടുമെന്ന തോന്നലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.