കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ ആക്രമണം ഉണ്ടായി നാലു ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലാകുന്നത്.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി മറന്നുവച്ച ബാഗ് അന്വേഷണത്തിൽ നിർണായകമായി.
ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. ആക്രമണം നടന്ന ദിവസംതന്നെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
ഉത്തർപ്രദേശിലെ ഷഹീൻബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഇതിനിടെ, പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
രത്നഗിരിയില്‍ പിടിയിലായത് ഷഹീന്‍ബാഗിൽ കാണാതായ ആളെന്ന് സൂചന
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പിടിയിലായത് ഡല്‍ഹി ഷഹീന്‍ബാഗില്‍നിന്ന് കാണാതായ ആളെന്ന് സൂചന. എടിഎസ് സംഘം ഷഹീന്‍ബാഗിലെ വീട്ടിലെത്തി പരിശോധന നടത്തുകയാണ്.
മാര്‍ച്ച് 31 മുതലാണ് ഷാരൂഖ് എന്ന യുവാവിനെ ഇവിടെനിന്ന് കാണാതായത്. മകനെ കാണാതായെന്ന് കാട്ടി ഇയാളുടെ പിതാവ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ മകന് ജോലിയുടെ ആവശ്യത്തിനായി പോയതാണെന്നും കേരളത്തിലേക്ക് പോയതായി അറിയില്ലെന്നും ഇയാളുടെ രക്ഷിതാക്കള്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കും
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
പൊള്ളലേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായി.
ഞായറാഴ്ച രാത്രി 09.20ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഒരാള്‍ യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചിരുന്നു.