ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്തത് ആം ആദ്മി പാര്‍ട്ടിക്കാരനാണെന്നു പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ നടപടി.
ക്രൈംബ്രാഞ്ച് ഡിസിപി രാജേഷ് ദേവിനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നീക്കി. കൂടുതല്‍ നടപടികള്‍ അന്വേഷണത്തിന് ശേഷമുണ്ടാകുമെന്നും കമ്മീഷന് അറിയിച്ചു.
ഷഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത് അറസ്റ്റിലായ കപില്‍ ബൈസല ആം ആദ്മി പാര്‍ട്ടി അംഗമാണെന്നാണു പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈം ബ്രാഞ്ച്) രാജേഷ് ദേവ് പറഞ്ഞത്.
കപില്‍ ബൈസലയും പിതാവും കഴിഞ്ഞ വര്‍ഷം ആദ്യം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നുവെന്നു പറഞ്ഞ പോലീസ്, എഎപി നേതാക്കള്കൊപ്പമുള്ള കപിലിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.
എന്നാല്‍ കപിലിന്റെ കുടുംബാംഗങ്ങള്‍ ആരോപണം നിഷേധിച്ചു. കപിലിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് പിതൃസഹോദരന് ഫത്തേ സിംഗ് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഷഹീന്‍ബാഗില്‍ കപില്‍ ആകാശത്തേക്കു വെടിയുതിര്‍ത്തത്. പോലീസ് ബാരിക്കേഡുകള്‍ സമീപമായിരുന്നു സംഭവം.