ബോളിവുഡിലെ ചോക്ലേറ്റ് നായകനെയും വീട്ടിൽനിന്ന് പുറത്താക്കിയോ ? പുറത്താക്കേണ്ടി വന്നുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. പറഞ്ഞുവരുന്നത് നമ്മുടെ ഷാഹിദ് കപൂറിന്റെ കാര്യമാണ്. അദ്ദേഹത്തെ ഒരു തവണ ഭാര്യ മിറ വീട്ടിൽനിന്ന് പുറത്താക്കിയത്രേ. ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായ പരിപാടിയിലാണ് മിറ രസകരമായ അനുഭവം പങ്കുവച്ചത്.
പത്മാവത് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. മിക്ക ദിവസങ്ങളിലും ഷാഹിദ് വീട്ടിലെത്തുന്നത് രാവിലെയാണ്. രാവിലെ വന്ന് ഉറങ്ങിക്കഴിഞ്ഞാൽ ഉണരുന്നത് ഉച്ചയ്ക്ക് രണ്ടുമണിയൊക്കെ ആവുന്പോഴായിരിക്കും. ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് നിശബ്ദത അത്യാവശ്യമായിരുന്നു. പക്ഷേ മകൾ മിഷ ഈ സമയത്ത് കളിയും ചിരിയുമൊക്കെ ആയി ആകെ ബഹളത്തിലായിരിക്കും. പക്ഷേ ഷാഹിദ് ഒന്നും പറയുമായിരുന്നില്ല.
ഷാഹിദിന് നല്ല ക്ഷീണമുണ്ടെന്ന് എനിക്കറിയാം. മകളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിച്ച് നിർത്താനും ആവില്ലല്ലോ. അങ്ങനെ ഒരു ഘട്ടത്തിൽ എനിക്കു നിയന്ത്രിക്കാൻ പറ്റാതായി. ഇനിയിത് പറ്റില്ലെന്ന് ഞാൻ ഷാഹിദിനോട് പറഞ്ഞു. തുടർന്ന് വീടു വിട്ട ഷാഹിദ് ഗോരേഗാവിലുള്ള തങ്ങളുടെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് താമസം മാറ്റി. പത്മാവതിന്റെ ഷൂട്ടിംഗ് കഴിയുന്നതു വരെ അവിടെയായിരുന്നു ഷാഹിദിന്റെ താമസമെന്നും മിറ പറഞ്ഞു.