ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസല്‍ട്ടില്‍ വലിയ നേട്ടങ്ങള്‍ കൊയ്ത ധാരാളം ആളുകളുടെ ജീവിതവും അവരുടെ നേട്ടത്തിന് പിന്നിലെ കഠിനാധ്വാനത്തിന്റെ കഥയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 693ാം റാങ്ക് നേടിയ ഒരു മലയാളിയുണ്ട്. പേര് ഷാഹിദ് തിരുവള്ളൂര്‍. മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, മുസലിയാര്‍, വിവര്‍ത്തകന്‍ തുടങ്ങി നിത്യവൃത്തിക്കായി നിരന്തരം കഷ്ടപ്പെട്ടു കൊണ്ടിരുന്ന ഷാഹിദ് ഇപ്പോള്‍ സിവില്‍ സര്‍വീസ് കിട്ടിയതിന്റെ സന്തോഷത്തിലാണ്.
ഷാഹിദിന്റെ ജീവിതത്തെക്കുറിച്ച് ജോബിഷ് വി കെ എന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷാഹിദിന്റെ വാക്കുകളില്‍ ജോബിഷ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘കാപ്പാട് യത്തീംഖാനയില്‍ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായിട്ട് സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ പ്രിലിമിനറി ടെസ്റ്റെഴുതുന്നത്.പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ വന്ന് മാര്‍ക്ക് കൂട്ടി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.ബിലോ സീറോ.!കൂട്ടിക്കൂട്ടിപ്പോയപ്പോള്‍ പിന്നെയും പിന്നെയും താഴോട്ട്.! ഒടുക്കം അത് നിര്‍ത്തിവെച്ചു.പക്ഷെ ആ സ്വപ്നം ഞാന്‍ കൈവിട്ടില്ല.സിവില്‍ സര്‍വീസ്.!’
ആ ശൂന്യതയില്‍ നിന്നാണ് ഞാനെന്റെ സ്വപ്നവുമായി ഇതിലേക്കുള്ള യാത്ര തുടങ്ങിയത്. എനിക്ക് നഷ്ടപ്പെടാന്‍ വലിയ സന്തോഷങ്ങളോ രക്ഷിതാക്കളുടെ വലിയ സ്വപ്നങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം ജീവിതം മുഴുവന്‍ വേദനയുണ്ടു വളര്‍ന്നവനാണ് ഞാന്‍.!
ഒന്നാം ക്ലാസിലെത്തുന്നതിനു മുമ്പ് ഉമ്മയും പെങ്ങളും ദാരിദ്ര്യവും മാത്രമേ എനിക്കൊപ്പമുണ്ടായിരുന്നുള്ളൂ.ഉമ്മയ്ക്ക് അസുഖമായതിനാല്‍ ഉപ്പ അപ്പോഴേക്കും നിയമപരമായി മറ്റൊരു വിവാഹത്തിലേക്ക് മാറിയിരുന്നു.
ദാരിദ്ര്യത്തിന്റെ ആ വലിയ ക്യാന്‍വാസില്‍ നിന്നാണ് ഞാന്‍ സ്‌കൂള്‍ ജീവിതം പോലും തുടങ്ങിയത്. നാട്ടിലെ നിടുമ്പ്രമണ്ണ സ്‌കൂളിലെ എല്‍ പി സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ കാപ്പാട് യത്തീംഖാനയിലേക്ക് മാറുകയായിരുന്നു.അവിടുന്ന് ഒരു മൊയില്യാറായി തിരിച്ചു വരാം എന്ന പ്രതീക്ഷയായിരുന്നു.
അതു കൊണ്ട് മതപഠനത്തിലായിരുന്നു കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മതപഠനത്തോടൊപ്പം അവിടുന്ന് പ്ലസ്ടുവും ഡിഗ്രിയുമൊക്കെ ഡിസ്സ്റ്റന്‍സായി ചെയ്തു.ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം എടുത്തത്. അപ്പോഴേക്കും പൊതു വായനയിലും സജീവമായിരുന്നു.
ഇതിനിടയില്‍ അറബി ട്രാന്‍സലേഷനും ഇംഗ്ലീഷ് ട്രാന്‍സലേഷനുമൊക്കെ നടത്തിയാണ് വീട്ടു ചിലവിന് പണം കണ്ടെത്തിയിരുന്നത്.ചെറു മാസികള്‍ക്കും മറ്റും മതപരവും അല്ലാത്തതുമായ ധാരാളം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിച്ചു.
ദാരിദ്ര്യം കഠിനമായതിനാല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഷ്ടപ്പെട്ട് നോം ചോംസ്‌കിയുടെ ലേഖനം വരെ ഉറക്കമൊഴിച്ച് ഒരു ഡിക്ഷണറിയും വെച്ച് വിവര്‍ത്തനം ചെയ്തിരുന്നതോര്‍മ്മയുണ്ട്.!ദാരിദ്ര്യമാണ് ആ സാഹസത്തിനൊക്കെ എന്നെ പ്രേരിപ്പിച്ചത്.
ഇതിനിടയില്‍ ‘എനിക്കല്ല ലോകത്തിനാണ് ഭ്രാന്ത് ‘ എന്ന ഒരു നോവലുമെഴുതി പ്രസിദ്ധീകരിച്ച് അതു വിറ്റു നടന്നു.ഇമാംഗസ്വാലി എന്ന ബാഗ്ദാദി എഴുത്തുകാരന്റെ യഹിയക്കഥകളൊക്കെ ഈ സമയത്താണ് ഞാന്‍ മലയാളത്തിലാക്കിയത്.ചുരുക്കത്തില്‍ എഴുത്തും വായനയുമൊക്കെയായി സങ്കടങ്ങളെല്ലാം മറന്ന കാലം.
ഡിഗ്രി പഠനത്തിനു ശേഷം ഒന്നര വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ കോഴിക്കോട് പത്രപ്രവര്‍ത്തകനായി മറ്റൊരു ജീവിതം തുടങ്ങി. അതോടൊപ്പം റിലീജിയസ് പി.ജി എടുത്ത് ഹസനി ബിരുദവും നേടി.ശേഷം പ്രവാസ ചന്ദ്രികയുടെ എഡിറ്റര്‍ തസ്തികയിലേക്കു മാറി.
ജീവിതം മെല്ലെ മെല്ലെ കരകയറി വരുകയായിരുന്നു.പക്ഷെ സിവില്‍ സര്‍വീസ് എന്ന സ്വപ്നം മനസിലുള്ളതുകൊണ്ട് ഈ തൊഴിലില്‍ ഞാന്‍ അസംതൃപ്തനായിരുന്നു.അങ്ങനെ ഇടയ്ക്ക് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് മനസില്‍ പുതിയ പദ്ധതികളൊക്കെയായി നാട്ടിലേക്കു വന്നു.
അങ്ങനെയിരിക്കുമ്പോഴാണ് 2014ല്‍ പാലയിലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ പരസ്യം കണ്ട് അവിടെ ഒരാഴ്ചത്തെ ക്യാമ്പിനു പോയത്. അവിടെ രണ്ടു ദിവസം ക്യാമ്പില്‍ നില്‍ക്കുകയും പണമില്ലാത്തതു കൊണ്ട് ക്യാമ്പ് പൂര്‍ത്തിയാക്കാതെ മൂന്നാം ദിവസം തിരിച്ചുപോരുകയും ചെയ്തു. പക്ഷെ ആ പോക്ക് വെറുതെയായില്ല.
രണ്ടു ദിവസത്തെ ആ ക്യാമ്പാണ് ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് നമ്മുടെ വഴിയും വന്നേക്കാം എന്ന ശക്തമായ തോന്നല്‍ എന്നിലുണ്ടാക്കിയത്.അവിടുന്ന് കിട്ടിയ അനുഭവം വെച്ച് ഡല്‍ഹിയിലെ ഒരു കോച്ചിംഗ് സെന്ററുകാര്‍ നടത്തിയ പരീക്ഷയ്ക്ക് തുണയാകുകയും സൗജന്യ പഠനത്തിന് സെലക്ഷന്‍ കിട്ടുകയും ചെയ്തു.
അവിടെ പഠിക്കാന്‍ എം.എസ്.എഫിന്റെ സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു.പിന്നെ ആറുമാസം ക്ലാസ്, പഠനം അങ്ങനെ പോയി. ആ സമയത്തെ ഡല്‍ഹി ജീവിതം ഇംഗ്ലീഷ് ഭാഷയിലും ഹിന്ദിയിലുമൊക്കെയുള്ള എന്റെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കാനിടയാക്കി. അങ്ങനെ പരീക്ഷ വന്നു. പക്ഷെ പ്രിലിമിനറി വീണ്ടും തോറ്റു. ആ തോല്‍വിയൊന്നും എന്നെ തളര്‍ത്തിയില്ല.
അങ്ങനെ ഡല്‍ഹി ജീവിതം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു വന്ന് കണ്ണൂരില്‍ പാപ്പിനിശേരിക്കടുത്ത് ഒരു മദ്രസയില്‍ ഉസ്താദായി ഒരു വര്‍ഷക്കാലം ജോലി ചെയ്തു.നാട്ടുകാരുടെ മൊയ്ല്യാരായി നടക്കുമ്പോഴും മനസില്‍ നിറയെ സിവില്‍ സര്‍വീസ് എന്ന സ്വപ്നമായിരുന്നു.!
സിവില്‍ സര്‍വീസില്‍ പല വിഷയങ്ങളുണ്ടല്ലോ. അതില്‍ പ്രിലിമിനറിയില്‍ കണക്കിനും റീസണിംഗിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്.ഇപ്പോഴങ്ങനെയല്ല.എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ കണക്കൊരു കീറാമുട്ടിയായിരുന്നു.അതിനെ എങ്ങനെ മറികടക്കാമെന്നായി പിന്നീടുള്ള ചിന്ത.ഓരോ ദിവസവും അതിനായി കഷ്ടപ്പെട്ടു തുടങ്ങി.ഒടുക്കം കണക്കിനെ വരുതിയിലാക്കാന്‍ മൊയ്ല്യാരുപണി തന്നെ ഞാനുപേക്ഷിച്ചു.!
അങ്ങനെ തിരുവനന്തപുരത്തേക്ക് കണക്ക് പഠിക്കാനുള്ള ലക്ഷ്യവുമായി മിച്ചമുള്ള പണവുമായി ഞാന്‍ വണ്ടി കയറി.അവിടെ കരീംസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പകല്‍ കണക്കു പഠനവും രാത്രി ബ്രില്യന്‍സില്‍ ഈവനിംഗ് കോച്ചിംഗ് ക്ലാസും.
ഒരു ഗവ: തൊഴിലായിരുന്നു ആദ്യ ലക്ഷ്യം.എന്നാല്‍ സിവില്‍ സര്‍വ്വീസും ട്രൈ ചെയ്യാലോ എന്നു കരുതിത്തന്നെ പഠിച്ചു. അങ്ങനെ കുറേ പരീക്ഷകള്‍ എഴുതി. ഇടയില്‍ അടുത്ത സിവില്‍ സര്‍വീസ് പരീക്ഷയും വന്നു.എന്നാല്‍ ആ വര്‍ഷവും പ്രിലിമിനറി പൊട്ടി.!
പക്ഷെ രണ്ട് മാര്‍ക്കിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.അത് എനിക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി. ലക്ഷ്യത്തോടടുക്കുന്നു എന്ന തോന്നല്‍. ശ്രമിച്ചാല്‍ സിവില്‍ സര്‍വീസ് കൂടെപ്പോരുമെന്ന വിശ്വാസം പിന്നെയും എന്നില്‍ ശക്തമായി.
പക്ഷെ ഹോസ്റ്റല്‍ ഫീസും പഠനവുമൊക്കെയായി അവിടെ നില്‍ക്കാന്‍ പണമില്ലായിരുന്നു.അങ്ങനെ അവിടുന്ന് തിരിച്ചു വരികയും വയനാട്ടിലൊരിടത്ത് അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ തുച്ഛമായ വരുമാനത്തില്‍ കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയും ചെയ്തു. പകല്‍ പണിയും രാത്രി ഉറക്കമൊഴിച്ച് പഠിപ്പും.!
നാട്ടില്‍ വന്നാല്‍ ഞാന്‍ ഡല്‍ഹിയില്‍പ്പോയ വിവരങ്ങളൊക്കെ അറിഞ്ഞ നാട്ടുകാര്‍ നിരന്തരമായി ചോദ്യങ്ങളാണ്.പലരും വിചാരിച്ചത് ഡല്‍ഹിയില്‍ ജോലി കിട്ടിയിട്ട് പോയതാണെന്നാണ്.കളക്ടറാവില്ലേ? എന്താ കിട്ടാഞ്ഞത്? എന്നിങ്ങനെ അനേകം ചോദ്യങ്ങളാണ്.
സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നാല്‍ സിവില്‍ സര്‍വീസ് കിട്ടി എന്നാണ് പലരുടെയും ധാരണ.ആ സന്ദര്‍ഭത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഐ.ബിയിലേക്ക് സെലക്ഷന്‍ കിട്ടിയത്. കഷ്ടപ്പാടിനിടയില്‍ ഇത് വലിയ ആശ്വാസമായി. പക്ഷെ എന്റെ പേഴ്സണല്‍ പ്രൊഫൈല്‍ പൂരിപ്പിച്ചതിലെ അശ്രദ്ധ കാരണം ആ പണി കൈവിട്ടുപോയി.!
പിന്നെയും ഒരു വട്ടംകൂടി പ്രിലിമിനറി എഴുതിത്തോറ്റു. അപ്പോഴും നിരാശയൊന്നുമുണ്ടായില്ല.അതേസമയം വയനാട്ടിലെ മേപ്പാടിയിലെ ഒരു ദരിദ്രകുടുംബത്തില്‍ നിന്ന് ഷംന ഷെറീനെ ഞാന്‍ വിവാഹം കഴിച്ചു.അവളും പഠിക്കുകയാണ്.പിന്നീട് കുടുംബ ജീവിതവും പ്രാരാബ്ധവുമൊക്കെയായി നാട്ടില്‍ക്കഴിഞ്ഞു കൂടി.കോഴിക്കോട് ഒരു മദ്രസയില്‍ കുട്ടികളെ പഠിപ്പിക്കലും മറ്റുമായി വീണ്ടും ആ മുസലിയാരു പണി.പക്ഷെ എന്റെ സ്വപ്നം കൂടെത്തന്നെയുണ്ടായിരുന്നു.!
അപ്പോഴേക്കും കൂടെ പഠിച്ചവരും മറ്റും വലിയ ജീവിതങ്ങളിലേക്ക് എത്തിപ്പെട്ടിരുന്നു. നിരാശയ്ക്ക് വഴിപ്പെടുന്നവട്ടം അറബി എഴുത്തുകാരനായ ആയിദ് അല്‍ ഖര്‍നിയുടെ ‘ഡോണ്‍ട് ബി സാഡ്’ എന്ന പുസ്തകം ഇടയ്ക്കിടയ്ക്ക് ഞാന്‍ മറിച്ചു നോക്കി.അതൊരു പ്രതീക്ഷയായിരുന്നു
.പിന്നെയും അടുത്ത തവണ പ്രിലിമിനറിക്കായി കാത്തിരുന്നു.പരീക്ഷ എഴുതി.റിസല്‍റ്റ് വന്നപ്പോള്‍ 0.66 മാര്‍ക്കിന് നഷ്ടപ്പെട്ടു.അങ്ങനെ അഞ്ചാം വട്ടവും കൈവിട്ടു.പക്ഷെ അപ്പോഴാണ് ഇതിനെ മറികടക്കാന്‍ എനിക്ക് കഴിയും എന്ന വിശ്വാസം എന്നില്‍ പൂര്‍ണ്ണമായത്.
ഈ സമയത്താണ് ഹൈദരാബാദിലെ മൗലാനാ നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റിയില്‍ സിവില്‍ സര്‍വ്വീസിന്റെ ഫ്രീ കോഴ്സിന്റെ പരസ്യം പത്രത്തില്‍ കണ്ടത്.അങ്ങനെ അപേക്ഷ കൊടുത്തു.അത് കിട്ടി.അവിടെയെത്തിയപ്പോള്‍ ക്ലാസിനൊന്നും പങ്കെടുക്കാന്‍ താല്‍പ്പര്യം തോന്നിയില്ല.
ക്ലാസിനു പോകാതെ ഹോസ്റ്റല്‍ റൂമില്‍ത്തന്നെ ഇരുന്നു പഠിക്കുകയായിരുന്നു ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍.അതൊരു പ്രശ്നമായി.ക്ലാസില്‍ ഹാജരില്ല എന്ന കാരണത്താല്‍ അവര്‍ അവിടുന്നെന്നെ പുറത്താക്കി. തിരിച്ച് കയറാന്‍ പല ശ്രമങ്ങള്‍ നടത്തി നോക്കി.പക്ഷെ നടന്നില്ല.പിന്നെയും നാട്ടിലേക്ക് തിരിച്ചു വന്നു.ആളുകള്‍ ഒരേ ചോദ്യം.സിവില്‍ സര്‍വ്വീസ് എന്തായി.? ജോലി കിട്ടില്ലേ… എന്നൊക്കെ.ഈ ചോദ്യങ്ങള്‍ കേട്ട് കേട്ട് മടുത്തിരുന്നു.എങ്ങനേലും പിന്നെയും നാട്ടില്‍ നിന്ന് രക്ഷപ്പെടണമെന്നായി.
ആയിടയ്ക്ക് ഡല്‍ഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി നടത്തുന്ന കോച്ചിംഗിന് അപേക്ഷ കൊടുത്തു.ഭാഗ്യത്തിനവിടെ സെലക്ഷന്‍ കിട്ടി.പിന്നെ ഒന്‍പത് മാസം ഡല്‍ഹിയില്‍ താമസം. അവിടെ നിന്നാണ് ഇപ്പോള്‍ കാണുന്ന ഈ അത്ഭുതങ്ങളെല്ലാം സംഭവിച്ചത്.
2017ല്‍ നടന്ന പ്രിലിമിനറി പരീക്ഷ എനിക്കു കിട്ടി.അതോടെ വലിയ പ്രതീക്ഷയായി. ഞാന്‍ ലക്ഷ്യത്തിലേക്കടുക്കുന്നു എന്നും ദൈവം എനിക്കു വേണ്ടി കരുക്കള്‍ നീക്കിത്തുടങ്ങി എന്നും ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം.!
പ്രിലിമിനറി പാസായതില്‍പ്പിന്നെ മെയിന്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പായി.ഡല്‍ഹിയിലെ കൊടും തണുപ്പില്‍ പുലര്‍ച്ചെ നാലുമണിക്കെഴുന്നേറ്റ് രാത്രി പത്തു മണിവരെ ഒരേ പഠനം.മെയിന്‍ പരീക്ഷയില്‍ ഒന്‍പത് പേപ്പറാണുള്ളത്.
നേരത്തെ വാരികകളിലും മറ്റും വിവര്‍ത്തനവും മറ്റും നടത്തുകയും ലേഖനമെഴുതുകയുമൊക്കെ ചെയ്തതുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.മലയാളമായിരുന്നു ഓപ്ഷണലായി എടുത്തത്.മലയാള സാഹിത്യത്തിലും ചരിത്രത്തിലും നേരത്തെ തന്നെ എനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നു.
പരീക്ഷ കഴിഞ്ഞപ്പോള്‍ സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു എന്നൊരു തോന്നല്‍.ഒടുക്കം ഇന്റര്‍വ്യൂവിന് കാര്‍ഡ് വന്നതോടെ എന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു.
സുഹൃത്തുക്കളൊക്കെ വലിയ സപ്പോര്‍ട്ട് തന്നു. എനിക്കു വേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. നിങ്ങളുടെ പ്രാര്‍ത്ഥനയില്ലാത്തതു കൊണ്ട് എനിക്കീ ജോലി കിട്ടാതെ പോകരുതെന്ന് സുഹൃത്തുക്കളോടൊക്കെ പറഞ്ഞു.
വലിയ ടെന്‍ഷനോടെയായിരുന്നു ഇന്റര്‍വ്യു ബോര്‍ഡിനു മുന്നില്‍ ഞാന്‍ എത്തിയത്. ആദ്യമായിട്ടല്ലേ.! /ബോര്‍ഡില്‍ അഞ്ചുപേര്‍. നാല്‍പ്പതു മിനിറ്റോളം ഉണ്ടായിരുന്നു അഭിമുഖം. മദ്രസാ ജീവിതം, കണ്ണൂര്‍ രാഷ്ട്രീയം, ഗള്‍ഫ് കുടിയേറ്റം, തുടങ്ങി വൈവിധ്യമാര്‍ന്ന ചോദ്യങ്ങളും ഇടപെടലുകളും. ചില ഉത്തരങ്ങള്‍ കേട്ട് ബോര്‍ഡംഗങ്ങള്‍ ചിരിച്ചിരുന്നു.!
പക്ഷെ അഭിമുഖം നല്ല അനുഭവമായിരുന്നു.ആ ഇന്റര്‍വ്യൂ കഴിഞ്ഞതോടെ എന്റെ പ്രതീക്ഷ പരകോടിയിലെത്തിയിരുന്നു.ദൈവം എന്റെ കൂടെയുണ്ടെന്ന തോന്നല്‍ ശക്തമായി.റിസല്‍റ്റ് വരുന്നതിനു മുമ്പും സുഹൃത്തുക്കളോടൊക്കെ പിന്നെയും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു.
ഒടുക്കം എന്റെ വേദനകളില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ദൈവം കഴിഞ്ഞ ദിവസം എന്റെയടുത്തേക്ക് റിസല്‍റ്റുമായി വന്നു. 693ാം റാങ്ക്. എന്നെപ്പോലൊരാള്‍ക്ക് ആ പൂജ്യത്തില്‍ നിന്ന് ഇവിടം വരെ എത്താമെങ്കില്‍ മനസ് വെച്ചാല്‍ ലോകത്തെത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്നും തന്നെയില്ല എന്ന ആത്മവിശ്വാസവും.’
…………..
കുടുംബക്കാരും നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ അഭിനന്ദനങ്ങളുമായി തന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പത്ത് മിനിറ്റുകൊണ്ട് ഒറ്റ ശ്വാസത്തില്‍ താന്‍ നീന്തിയ സഹനങ്ങളുടെ വലിയൊരു കടലിനെക്കുറിച്ച് ഷാഹിദ് തന്റെ വീട്ടുമുറ്റത്തുനിന്നു പറഞ്ഞപ്പോള്‍ പൗലോ കൊയ്ലോയുടെ ആ വാക്യങ്ങളാണ് എന്റെ ഓര്‍മ്മയിലെത്തിയത്.
നിങ്ങള്‍ മനസില്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ ആ ലക്ഷ്യം നേടുന്നതിനു വേണ്ടി ലോകം നിങ്ങള്‍ക്കായി ഒരു ഗൂഢാലോചന തന്നെ നടത്തുമെന്ന്.!
ഷാഹിദിന്റെ കുഞ്ഞു വീട്ടിലേക്ക് ഷാഹിദിന്റ വിജയ വാര്‍ത്തകളുടെ മാധുര്യമറിയാതെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും വലുപ്പച്ചെറുപ്പമറിയാതെ ഒരാളിരിക്കുന്നുണ്ടവിടെ.!
‘ഷാഹിദ് എവിടുന്നാ പാസായത്,മദ്രസയില്‍ നിന്നോ ? അതോ സ്‌കൂളില്‍ നിന്നോ.?’ വരുന്നവരോടൊക്കെ അവര്‍ ചോദിക്കുന്നു.!ഇതാണ് ഉമ്മ എന്നുപറഞ്ഞ് ഷാഹിദ് സുലൈഖയെ പരിചയപ്പെടുത്തിയപ്പോള്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളം ചാടി.! ഷാഹിദിന് ഓര്‍മ്മ വെച്ച കാലം മുതല്‍ ലോകത്തിന്റെ സഞ്ചാരഗതി തന്റെ മനസുകൊണ്ടളെന്നെടുക്കാന്‍ കഴിയാതെ ഷാഹിദിന്റെ സ്വപ്നങ്ങളോടൊപ്പമുണ്ട് ആ ഉമ്മ.!
പ്രിയപ്പെട്ടവരേ ലോകത്തില്‍ ഒരിക്കല്‍ തോറ്റു പോയതിന്റെ നിരാശയില്‍ വലിയ സ്വപ്നങ്ങളില്‍ നിന്ന് പിന്‍വാങ്ങിയവരേ, നിങ്ങളൊരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ വരൂ. വടകരയ്ക്കടുത്ത് തിരുവള്ളൂരില്‍ ശാന്തിനഗറില്‍.
ഇന്നിന്റെ സഹനങ്ങള്‍ ഭാവിയില്‍ പൂര്‍ണ്ണതയുടെ ചക്രവാളങ്ങളിലേക്ക് പറന്നുയരാന്‍ നമ്മെ സഹായിക്കുന്ന ചിറകുകളാണെന്ന് പഠിപ്പിക്കാന്‍ ഇവിടെ ഇപ്പോള്‍ ഞങ്ങള്‍ക്കൊരു ഷാഹിദുണ്ട്. അവന്റെ ജീവിതമുണ്ട്. ആ കഥ കേട്ടാല്‍ ലക്ഷ്യങ്ങളിലേക്ക് നിശ്ചയദാര്‍ഡ്യത്തോടെ ഫീനിക്‌സ് പക്ഷിയെപ്പോലെ നിങ്ങള്‍ക്കും അനന്തതയിലേക്ക് പറന്നുയരാം.