ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയാവുന്നത് സാധാരണമാണ്. ഇത്തരത്തില്‍ സമീപകാലത്ത് ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായ ഒന്നാണ് ചീറ്റപ്പുലികള്ക്കിടയില് മരണം മുന്നില്‍ കണ്ടിട്ടും നിര്‍ഭയയായി നിലകൊള്ളുന്ന ഒരു മാനിന്റെ ചിത്രം. ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ചിത്രമാണ് പിന്നീട് വന്‍പ്രചാരം നേടിയത്. ചിത്രത്തിന് വിശദീകരണം സഹിതമാണ് ഷാഹിദ് ചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആ വിശദീകരണം തെറ്റാണെന്നും സത്യാവസ്ഥ എന്താണെന്നും വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ അലിസണ് ബൂട്ടീഗീന്.
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും അതിന്റെ പിന്നിലെ കഥ സത്യമല്ലെന്നുമാണ് അലിസണ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലിസണ് ഇക്കാര്യം അറിയിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അലിസണ് എടുത്ത ചിത്രം സിനിമാതാരം ഷാഹിദ് കപൂര്‍ ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സ്നേഹത്തിനു പകരം വെക്കാന്‍ മറ്റൊന്നിനുമാകില്ല, ചീറ്റപ്പുലികളില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്ന മാനിന്റെ ചിത്രമാണിത് എന്നീ കുറിപ്പോടെയാണ് ഫോട്ടോ ഷാഹിദ് പോസ്റ്റ് ചെയ്തത്. ഫോട്ടോ എടുത്തതിനു ശേഷം ഫോട്ടോഗ്രാഫര്‍ക്ക് വിഷാദ രോഗം ബാധിച്ചെന്നും വികാരങ്ങളെ അത്രമേല്‍ ഉണര്‍ത്തുന്ന ചിത്രമാണിതെന്നും ഷാഹിദിന്റെ പോസ്റ്റില്‍ പറയുന്നു. ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അലിസണ് വിശദീകരണവുമായി രംഗത്തെത്തിയത്.
തനിക്ക് വിഷാദരോഗം ബാധിച്ചിട്ടില്ലെന്നും ഫോട്ടോയ്ക്ക് പിന്നില്‍ പ്രചരിക്കുന്ന കഥകളില്‍ സത്യമില്ലെന്നും അലിസണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വിഷാദരോഗമാണോ എന്ന് ചോദിച്ചുകൊണ്ടും ആശ്വാസവചസുകള്‍ അറിയിച്ചുകൊണ്ടുമുള്ള കമന്റുകളാണ് ഇപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിലും കമന്റ് ബോക്സിലും നിറയുന്നതെന്നുമാണ് അലിസണ് ആരോപിച്ചത്. കോപ്പിറൈറ്റ് നിയമങ്ങള്‍ പോലും ലംഘിച്ച് പലരും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെന്നും അലിസണ് തന്റെ പോസ്റ്റില്‍ പറയുന്നു. നൂറുകണക്കിനാളുകളാണ് വിവിധ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തത്. കേവലം ലൈക്കിനും ഷെയറിനും വേണ്ടി ഇത്തരം കഥകള്‍ കെട്ടച്ചമയ്ക്കരുതെന്നും അലിസണ് ആവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കൊടുവില്‍ ഷാഹിദ് കപൂര്‍ പോസ്റ്റ് പിന്‍വലിക്കുകയാണ് ചെയ്തത്.