പദ്മാവതി വിവാദത്തിൽ ഒടുവിൽ നായകൻ മൗനംവെടിഞ്ഞു. സഞ്ജയ് ലീലാ ബൻസാലി ചിത്രം പദ്മാവതിയിൽ മോശമായതൊന്നുമില്ലെന്ന് ചിത്രത്തിലെ നായകൻ ഷാഹിദ് കപൂർ. അധികൃതരുടെ സഹായത്തോടെ ഉടൻ തന്നെ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ഗോവയിലെത്തിയ ഷാഹിദ് കപൂർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
തെറ്റുകാരനാണെന്ന് കണ്ടെത്തുംവരെ ഒരാൾ നിരപരാധിയാണെന്നാണ് ഭരണഘടന പറയുന്നത്. ഇത് പദ്മാവതിയുടെ കാര്യത്തിലും അനുവർത്തിക്കണം. ജനങ്ങൾ ചിത്രത്തെ വിലയിരുത്തുന്നതുവരെ മോശമാണെന്ന് വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പദ്മാവതിയിലെ മറ്റു രണ്ട് അഭിനേതാക്കളായ രൺവീർ സിംഗും ദീപിക പദുക്കോണും വിവാദവുമായി ബന്ധപ്പെട്ട് നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാദം കത്തിപ്പടരുമ്പോഴും മൗനംദീക്ഷിച്ച ഷാഹിദ് ഒടുവിൽ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ്.