shahida kamalസ്വന്തംലേഖകന്‍
കോഴിക്കോട് : എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരേ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ നല്കിയ പരാതിയില്‍ വനിതാ കമ്മീഷന് അന്വേഷണം ഉടന്‍ ആരംഭിക്കും.
ജില്ലാതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സിറ്റിംഗ് പൂര്‍ത്തീകരിച്ച ശേഷം ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്താനാണ് വനിതാ കമ്മീഷന് തീരുമാനിച്ചത്.
പരാതി ഇന്നലെ ലഭിച്ചിരുന്നതായി വനിതാ കമ്മീഷന് സംഗം ഷാഹിദാ കമാല്‍ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതികളില്‍ സ്വീകരിക്കേണ്ട എല്ലാനടപടികളും ഇക്കാര്യത്തില്‍ കമ്മീഷന് സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
പരാതിയില്‍ പറയുന്ന സംസ്ഥാന നേതാവില്‍ നിന്നും ജില്ലാ ഭാരാവാഹിയില്നിന്നും വിശദമായ വിവരങ്ങള്‍ ചോദിച്ചറിയും.
നേതാക്കള്‍ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നാണ് ഹരിതയുടെ സംസ്ഥാന ഭാരവാഹികളുടെ പരാതി. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പരാമര്‍ശിച്ചിരുന്നതായാണ് പരാതിയിലുള്ളത്.
കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം ഉയര്‍ന്നത്.
സംസ്ഥാന ഭാരവാഹി സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ചപ്പോള്‍ ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്നായിരുന്നു പരാമര്‍ശം.
വനിതാ നേതാക്കള്‍ മാനസികമായി പെണ്‍കുട്ടികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഫോണിലൂടെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.
പരാതിയില്‍ പരാമര്‍ശിച്ച വിഷയങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്താനാണ് വനിതാ കമ്മീഷന് തീരുമാനിച്ചത്.