കൊല്ലം: മദ്യപിച്ചും അമിതവേഗതയിലും നിയമലംഘനങ്ങൾ നടത്തിയും ഒട്ടനവധിപ്പേർ പുതുവർഷം ആഘോഷിക്കുമ്പോൾ അപകടമുണ്ടാകരുതേ എന്ന് പ്രാർഥിച്ചും രക്ഷാപ്രവർത്തനം നടത്തിയും ഡ്രൈവർമാർക്ക് ചുക്കുകാപ്പികൊടുത്തും ട്രാക്ക് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ അഭിപ്രായപ്പെട്ടു.
ഇതെല്ലാ ജില്ലയിലും നടപ്പിലാക്കേണ്ടതുണ്ട്. ട്രാക്കിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി കൊല്ലം ചിന്നക്കട ബസ്ബേയിൽ നടന്നു വന്ന രാത്രികാല ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണത്തിന്റേയും ബോധവൽക്കരണത്തിന്റേയും സമാപനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാഹിദാകമാൽ. അപകട മേഖലയിൽ വിപ്ലവകരമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് പ്രചോദനമായതും ട്രാക്കിന്റെ പ്രവർത്തനമായിരുന്നു എന്നുള്ളതു എടുത്തുപറയേണ്ടതാണെന്നും ഷാഹിദാ കമാൽ അഭിപ്രായപ്പെട്ടു.
ട്രാക്ക് പ്രസിഡന്റ് കൊല്ലം ആർ ടി ഓ സജിത്ത് വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി ഐ ശരത് ചന്ദ്രൻ ആർ, വൈസ് പ്രസിഡന്റുമാരായ റിട്ടയേർഡ് ആർ ടി ഓ സത്യൻ പി എ, ജോർജ് എഫ് സേവ്യർ വലിയവീട്, ജോയിന്റ് സെക്രട്ടറിമാരായ ഹോളിക്രോസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ.ആതുരദാസ്, ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, മാധ്യമ പ്രവർത്തകൻ റോണാ റിബെയ്റോ, എ എം വി ഐ മാരായ കൃഷ്ണകുമാർ, രവീഷ് എന്നിവർ പ്രസംഗിച്ചു.
ഹോളിക്രോസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീമും ട്രാക്ക് ആംബുലൻസ് ടീമിന്റെ നേതൃത്വത്തിലുള്ള ആംബുലൻസുകളും ട്രാക്കിന്റെ പരിശീലനം ലഭിച്ച വോളന്റീയർമാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വിവിധ അപകടങ്ങളിൽ പരിക്കുപറ്റിയ നാലുപേർക്കും വഴിയിൽ തളർന്നു വീണ ഒരാൾക്കും ഡോ ആതുരദാസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പരിചരണം നൽകിയതിന് ശേഷം അവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി.
പുതുവർഷാഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ കൊച്ചുപിലാംമൂട് വെച്ച് ഒരു കുടുംബത്തിലെ കുടുംബനാഥന് ഹൃദയാഘാതം ഉണ്ടായപ്പോൾ പോലീസുമായി ചേർന്ന് ട്രാക്ക് വോളന്റിയർമാരായ ഗിരികൃഷ്ണൻ, വിഷ്ണു, സാബിർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
അമീൻ, അനിൽ, അജിത്കുമാർ എന്നിവർ ആംബുലൻസിന്റെ രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മുജീബ് പള്ളിമുറ്റത്തിന്റെ നേതൃത്വത്തിൽ 35 പേർ അടങ്ങുന്ന ട്രാക്ക് വോളന്റീയർ ടീം, രാത്രി മുഴുവൻ ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് കാപ്പി എത്തിച്ചുകൊടുത്തു. കൂടാതെ രാത്രികാല ഡ്രൈവർമാർക്കായി പ്രഭാതത്തിൽ അഞ്ചു വരെ ചിന്നക്കടയിൽ ചുക്കുകാപ്പി വിതരണം നടന്നു.