കൊല്ലം: അതീവ ശ്രദ്ധയോടും ട്രാഫിക് നിയമങ്ങൾ പാലിച്ചും വേണം വാഹനം ഓടികേണ്ടതെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാകമാൽ. ഹീറോയിസം കാണിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ആണ്. മദ്യപിച്ചു ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുമ്പോൾ നിരപരാധികളാണ് പലപ്പോഴും ബലിയാടാകുന്നത്.
കൊല്ലം മോട്ടോർവാഹന വകുപ്പും ട്രാക്കും ,കൊട്ടിയം ഹോളിക്രോസ് ആശുപത്രിയും ചേർന്ന് നടത്തിയ നേർവഴി ഗതാഗത ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വനിതാകമ്മീഷനംഗം. ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി ആരംഭിച്ച നേർവഴി ട്രാഫിക് ബോധവൽക്കരണവും അപകട രക്ഷാ പരിശീലനവും നടത്തി.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ സന്ദേശം ആർടിഒ സജിത് നൽകി. അഗ്നിശമന സേന കൊല്ലം സ്റ്റേഷൻ ഓഫിസർ ഹരികുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ, ട്രാക്ക് വൈസ് പ്രസിഡന്റ് സത്യൻ, ട്രാക്ക് ജോ. സെക്ര. ഡോ. ആതുരദാസ് എന്നിവർ പ്രസംഗിച്ചു.