ദുരൂഹസാഹചര്യത്തില്‍ നഗരത്തിലെ ലോഡ്ജില്‍ വിദ്യാര്‍ഥി മരിച്ചത് മയക്കുമരുന്നിന്റെ അമിതമായ ഉപയോഗം മൂലമെന്ന് പോലീസ്. സ്വകാര്യ കോളജിലെ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) ആണ് കഴിഞ്ഞദിവസം മരിച്ചത്. യുവാവിന്റെ ശരീരത്തില്‍ സൂചികൊണ്ടുള്ള നിരവധി മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.
സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്ന മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ സാധാരണയായി കാണാറുള്ള മുറിവുകളാണ് മരിച്ച വിദ്യാര്‍ഥിയുടെ കയ്യില്‍ കണ്ടത്. കൈമുട്ടുകളുടെ താഴെയായി സൂചികൊണ്ടുണ്ടാവുന്ന മുറിവുകള്‍ അനവധിയുണ്ട്. ഇതിന് ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രമാണുള്ളത്. ഈ മുറിവുകള്‍ ലഹരി ഉപയോഗിക്കുമ്പോഴുള്ളതാവാം. ഈ നിഗമന പ്രകാരം ലോഡ്ജില്‍ യുവാവ് എത്തുമ്പോള്‍ ക്ഷീണിതനായിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ഷാഹിലിന് ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാഹിലിനൊപ്പം യുവതിയും രണ്ട് യുവാക്കന്മാരൂം ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ മരിച്ചെന്നറിഞ്ഞതോടെ പെണ്‍കുട്ടി സ്ഥലംവിട്ടിരുന്നു. മയക്കുമരുന്ന് സെക്സ്റാക്കറ്റിലെ കണ്ണിയാണ് ഈ പെണ്‍കുട്ടിയെന്ന സംശയത്തിലാണ് പോലീസ്. കോഴിക്കോട് ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്ന സ്ത്രീകളുടെ സാന്നിധ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ശരീരത്തില്‍ പല ഭാഗത്തുമായി സൂചികൊണ്ടുള്ള മുറിവുകളുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നിന്റെ അമിത ഉപയോഗംമൂലം ചിലര്‍ക്ക് അപസ്മാരം പോലുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടാകാനിടയുണ്ട്. ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറം ലഹരി പദാര്‍ഥങ്ങള്‍ ഉള്ളില്‍ കയറുന്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ ശരീരത്തിലുണ്ടാകാറുള്ളത്. വിദ്യാര്‍ഥിയുടെ മരണവും ഇത്തരത്തില്‍ തന്നെയാണ് സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ വിദഗ്ധ അഭിപ്രായവും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉപയോഗിച്ച മയക്കുമരുന്ന് ഏതാണെന്നത് തിരിച്ചറിയുന്നതിനായി രാസപരിശോധനാ ഫലം ലഭിക്കണം. യുവാവ് മരിക്കുന്നതിനുമുമ്പ് അവശനായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.