വയനാട്: ക്ലാസ് റൂമിൽ പാമ്പുകടിയേറ്റ് ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ. ജില്ലാ ജഡ്ജി പരിശോധനയ്ക്കായി സ്കൂളിൽ എത്തിയപ്പോഴായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. കരിങ്കൊടിയേന്തി സ്കൂളിനു മുന്നിൽ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾ സംഭവത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജി സ്കൂളിൽ നിന്ന് മടങ്ങിയതിനു പിന്നാലെ വിദ്യാർഥികൾ പ്രകടനമായി മുന്നോട്ട് നീങ്ങി. പ്ലക്കാർഡുകളേന്തി മുന്നോട്ട് നീങ്ങിയ വിദ്യാർഥികളിൽ ചിലർ പ്രതീകാത്മക പാമ്പിനെയും കഴുത്തിൽ ചുറ്റിയിരുന്നു. സ്കൂളിന്റെ ദുരവസ്ഥ സംബന്ധിച്ച് അധ്യാപകരോട് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നുവെന്നും നടപടികളൊന്നും ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
സ്കൂളിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സ്കൂൾ പരിസരത്തെത്തിയ ശേഷമാണ് പരിഞ്ഞത്.
ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി
സുൽത്താൻ ബത്തേരി: വയനാട് ജില്ലാ ജഡ്ജി എ. ഹാരിസിന്റെ നേതൃത്വത്തിൽ ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധന നടത്തി. ഹൈക്കോടതി ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജഡ്ജി പറഞ്ഞു.
ലീഗൽ സർവീസ് അഥോറിറ്റി ചെയർപേഴ്സണ് കെ.പി. സുനിത, സബ് ജഡ്ജ് ബൈജുനാഥ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിശോധന നടത്തി റിപ്പോർട്ട് ഹൈക്കോടതിക്ക് ഉടൻ സമർപ്പിക്കും. സ്കൂളിന്റെ പരിസരവും പാന്പ് കടിയേറ്റ ക്ലാസും അദ്ദേഹം പരിശോധിച്ചു. ഉച്ചയ്ക്ക് 2.30ന് കളക്ടറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും.