മേലാറ്റൂർ: പിതൃസഹോദരൻ പുഴയിലെറിഞ്ഞ ഒൻപതുവയസുകാരനായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. എടയാറ്റൂർ ഡിഎൻഎംഎയുപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയും ലക്ഷംവീട് കോളനിക്കുസമീപം താമസിക്കുന്ന മങ്കരത്തൊടി അബ്ദുൾസലീം-ഹസീന ദന്പതിമാരുടെ ഇളയമകനുമായ മുഹമ്മദ് ഷഹീനായുള്ള തെരച്ചിലാണ് കടലുണ്ടിപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്നത്. അതേസമയം, ഷഹീന്റെ തിരോധാനത്തിലെ ദുരൂഹതകൾ ഒഴിയുന്നില്ല.
ഇന്നു ഓണാവധി കഴിഞ്ഞു സ്കൂളിലെത്തിയ ഡിഎൻഎംഎയുപി സ്കൂളിലെ കൂട്ടുകാർ ഷഹീൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. കളിചിരിയുടെ പ്രായം മാറാത്ത ഷഹീൻ നാലാംതരം ബി ക്ലാസിലെ വിദ്യാർഥിയാണ്. പഠനത്തിലും മറ്റും ഷഹീൻ മുൻപന്തിയിലാണെന്ന് കൂട്ടുകാരും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പ്രിയ കൂട്ടുകാരന് ദാരുണമായി ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയാണ് ഇപ്പോഴും അധ്യാപകർക്കും നാട്ടുകാർക്കുമുള്ളത്.
ഓഗസ്റ്റ് 13ന് രാവിലെ യൂണിഫോമിട്ട് സൈക്കിളിൽ സ്കൂളിലേക്കിറങ്ങിയ ഒൻപതുവയസുകാരൻ മുഹമ്മദ്ഷഹീനെ പത്തേകാലോടെയാണ് കാണാതായത്. പിറകിൽ നടന്നുവരികയായിരന്ന ഏഴാംക്ലാസുകാരനായ സഹോദരൻ മഹമ്മദ് ഷഹൽ, സൈക്കിൾ വഴിയിൽ നിർത്തിയിട്ടതുകണ്ട വിവരം സ്കൂളിൽ അറിയച്ചതോടെയാണ് ഷഹീനെ കാണാനില്ലെന്ന വിവിരം സ്കൂൾ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും അറിഞ്ഞത്.
എന്നാൽ 17ന് വെള്ളിയാഴ്ച വൈകീട്ടോടെ ആ പ്രതീക്ഷയുടെ ചിത്രം മാറുകയായിരുന്നു. പിതാവിന്റെ ജ്യേഷ്ഠൻ ഷഹീനെ പുഴയിലെറിഞ്ഞു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പിന്നീട് ഏവരും അറിയുന്നത്. സംഭവത്തിൽ പോലീസ് അറസ്റ്റ്ചെയ്ത മുഹമ്മദ് ഇപ്പോൾ പെരിന്തൽമണ്ണ സബ്ജയിലിൽ റിമാൻഡിലാണ്.
മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടുതന്നെ പോലീസും അഗ്നിരക്ഷാസേനയും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് കടലുണ്ടിപ്പുഴയിൽ തിരച്ചിൽ തുടങ്ങി. എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി തിരച്ചിൽ നടത്തിയിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
15ന് പെയ്ത ശക്തമായ മഴയിൽ പുഴ കരകവിഞ്ഞൊഴുകിയിരുന്നു. വരുംദിവസങ്ങളിലും തിരച്ചിൽ തുടരും. ഇതിനായി കടലോര ജാഗ്രതാസമിതിയുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായവും പോലീസ് തേടിയിട്ടുണ്ട്.