മലപ്പുറം: ആൾകൂട്ട ആക്രമണത്തിന് ഇരയായ യുവാവ് വിഷം കഴിച്ച് മരിച്ച സംഭവത്തിൽ കോട്ടയ്ക്കൽ പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ കസ്്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കോട്ടക്കൽ പുതുപ്പറന്പിൽ താമസിക്കുന്ന നിലന്പൂർ സ്വദേശി പൊറ്റയിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു സംഘമാളുകൾ ചേർന്നു പുതുപറന്പിൽ വച്ച് ഷാഹിറിനെ മർദിച്ചു അവശനാക്കിയിരുന്നു. അക്രമികൾ ഷാഹിറിന്റെ ചിത്രങ്ങൾ മൊബൈലിൽ എടുക്കുകയും ചെയ്തു.
ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്താണ് യുവാവ് മരിച്ചതെന്നു ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. 15 പേരടങ്ങുന്ന സംഘം കന്പിയും മറ്റുമുപയോഗിച്ചു ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പറഞ്ഞു. മർദിക്കുന്നതിനിടയിൽ യുവാവിന്റെ നഗ്നചിത്രമടക്കം ഫോണിലെടുക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത ഷാഹിർ അവശനായി വീട്ടിലെത്തിയ ഉടനെ ഇനി താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു പറഞ്ഞു റൂമിൽ കയറി വിഷം അകത്താക്കുകയായിരുന്നു. അബോധാവസ്ഥയിലായ നിലയിൽ ഉടനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നിലന്പൂർ സ്വദേശികളായ ഹൈദരലിയും കുടുംബവും എട്ടു മാസം മുൻരാണ് കോട്ടയ്ക്കലിനടുത്തു പുതുപ്പറന്പിൽ വാടക വീട്ടിൽ താമസം തുടങ്ങിയത്. കൂലിവേല ചെയ്തിരുന്ന ഷാഹിർ സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതു പെണ്‍കുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്യുകയും കഴിഞ്ഞയാഴ്ച കോട്ടക്കൽ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നു പോലീസ് രണ്ടു പേരുടെയും രക്ഷിതാക്കളെ വിളിപ്പിച്ചു ചർച്ച നടത്തി പിരിയുകയും ചെയ്തു.
എന്നാൽ ഞായറാഴ്ച രാത്രി നബിദിനാഘോഷ പരിപാടികൾ കാണാനായി സഹോദരൻ ഷിബിലിനും കൂട്ടുകാരനുമൊത്ത് പോയിരുന്ന ഷാഹിറിനെ ഒരു സംഘമെത്തി ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുകയായിരുന്ന യുവാവിനെ ഫോണിൽ വിളിച്ച് കുറച്ചകലേക്ക് വരുത്തി മർദിക്കുകയായിരുന്നു. സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഷിബിലിനും കൂട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.
ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിൽപെട്ട ഏതാനും പേരെ ഷിബിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഷാഹിറിനെ ആക്രമിച്ച കേസിൽ 15 പേർക്കെതിരെ കോട്ടക്കൽ പോലീസ് കേസെടുത്തു. കൊലപാതക ശ്രമത്തിനാണ് കേസ്.
അതേസമയം സംഘത്തിൽപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെയും മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. ആൾക്കൂട്ട അക്രമത്തിൽ ജില്ലയിൽ മൂന്നുവർഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്.
കുറ്റിപ്പാലയിലെ സാജിദും മങ്കടയിലെ നസീറും ഇതിനു മുൻപ് മരിച്ചവർ. ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 12 ആൾക്കൂട്ട ആക്രമണങ്ങളാണ് ജില്ലയിലുണ്ടായത്. കൂട്ടംകൂടി മർദിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കൂടിവരുന്നു.
മകനെ ചതിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്
നിലന്പൂർ: തന്റെ മകനെ ചതിയിൽപ്പെടുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നു മാതാവ്. പ്രണയത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് വിധേയനായി മനംനൊന്ത് ആത്മഹത്യ ചെയ്ത കോട്ടക്കൽ പുതുപറന്പ് പൊറ്റയിൽ ഷാഹിറിന്റെ മാതാവ് ഷൈലജയാണ് യുവതിയുടെ വീട്ടുകാർക്ക് മരണത്തിൽ പങ്കുള്ളതായി ആരോപിച്ചത്. മകൻ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുടെ പിതാവ് ഉൾപ്പെടെ നൂറിലേറെ വരുന്ന ആൾക്കൂട്ടമാണ് ചതിയിൽപ്പെടുത്തി മകനെ കൊലപ്പെടുത്തിയതെന്ന് ഷൈലജ പറഞ്ഞു. മകനു ഇവരിൽ നിന്നു ഭീഷണി ഉണ്ടായിരുന്നു.
പുതുപറന്പിൽ നബിദിന ആഘോഷത്തിൽ പങ്കെടുക്കാൻ പോയ മകനെ കാണാത്തതിനെ തുടർന്നു രാത്രി പത്തു മണിയോടെ അവന്റെ ഫോണിലേക്ക് വിളിച്ചു. എന്നാൽ മറുപടി ലഭിച്ചില്ല. ഇതിനിടയിൽ അവനെ അറിയുന്ന ഒരാൾ തന്റെ ഫോണിൽ വിളിച്ച് മകനെ ആരൊക്കെയോ ചേർന്ന് മർദിക്കുന്ന കാര്യം പറഞ്ഞു. ഉടനെ ചെറിയ മകൻ ഷിബിലിനെ വിളിച്ച് പറയുകയായിരുന്നു, ഷിബിലും കൂട്ടകാരനും എത്തുന്പോൾ ഷാഹിറിനെ മർദിക്കുകയും എന്തോ ഒരു പൊടി വായിലിടുകയും ചെയ്തു.
മാതാവ് പറഞ്ഞു. ഷാഹിറിന്റെ പിതാവ് മൊയ്തീൻകുട്ടി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോൾ മകൻ തീരെ ക്ഷീണിതനായിരുന്നു. ആക്രമിച്ചവർ തന്റെ മകനു വിഷം കൊടുത്തതാണെന്നും ഷൈലജ കുറ്റപ്പെടുത്തി. ഷാഹിറിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ അനിയൻ ഷിബിലിനെയും അവർ മർദിച്ചു. കുറച്ച് നാളുകളായി ഷാഹിർ ഭയത്തിലായിരുന്നു. അവർ എന്നെ കൊല്ലുമെന്നു പറയാറുണ്ടായിരുന്നു. മർദിച്ചവരെ കണ്ടാൽ തനിക്ക് തിരിച്ചറിയാനാകുമെന്നു ഷിബിൽ പറഞ്ഞു.