താഴെക്കാട്: ശരീരം പാതി തളർന്നു ജീവിതം വീൽചെയറിലായ പ്രണവിന് ഇനി കൂട്ട് ഷാഹ്ന. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രണവിനെ കണ്ട് തേടിയെത്തിയാണ് ഷാഹ്ന എല്ലാ തടസങ്ങളേയും അതിജീവിച്ച് പ്രണവിന്റെ ജീവിതസഖിയായത്.
കഥ ഇങ്ങനെ: താഴേക്കാട് സ്വദേശി മണപറന്പിൽ സുരേഷ്ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ്. ഏഴു വർഷങ്ങൾക്കു മുന്പ് നടന്ന അപകടമാണ് പ്രണവിന്റെ ജീവിതം വീൽചെയറിലാക്കിയത്.
സുഹൃത്തുമൊത്തു ബൈക്കിൽ സഞ്ചരിക്കവേ ഉണ്ടായ അപകടത്തിൽ അരയ്ക്കു കിഴോട്ട് തളർന്നു. പിന്നീടുള്ള പ്രണവിന്റെ ജീവിതം വീൽചെയറിലായെങ്കിലും സുഹൃത്തുക്കൾ കൈവിട്ടില്ല.
അവരവനെ കൊണ്ടുനടന്ന് നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം കാണിച്ചു. ഇവിടങ്ങളിൽനിന്നുള്ള സൗഹൃദക്കാഴ്ചകളുടെ വീഡിയോ പലതവണ സോഷ്യൽ മീഡിയയിൽ വൈറലായി.
മേളത്തിന നടുവിൽ വീൽചെയറിലിരിക്കുന്ന പ്രണവിന്റെ വീഡിയോ കണ്ടതു ലക്ഷക്കണക്കിനാളുകളാണ്. അതിലൊരാളായിരുന്നു ഷാഹ്ന.
പ്രണവ് ജീവിതത്തിൽ ഒരിക്കലും ഇനി നടക്കില്ല എന്നു വിചാരിച്ചിരുന്ന പ്രണയത്തിന് തുടക്കമാവുകയായിരുന്നു.
പ്രണവിന്റെ നന്പർ അന്വേഷിച്ചു കണ്ടെത്തി എത്തുകയായിരുന്നു തിരുവനന്തപുരം സ്വദേശി മുജീബിന്റെയും സജിനയുടെയും മകളായ ഷാഹ്ന. പ്രണവുമായുള്ള വിവാഹ താത്പര്യം അറിയിച്ച ഷാഹ്നയെ പലരും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അതു വിഫലമായി.
ഇന്നലെ കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വീൽചെയറിൽ ഇരുന്ന പ്രണവ് ഷാഹ്നയുടെ കഴുത്തിൽ താലി ചാർത്തി. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.