മുംബൈ: മയക്കുമരുന്ന് കേസിൽ മുംബൈ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ എത്തി.
വ്യാഴാഴ്ച രാവിലെയാണ് ഷാരൂഖ് ജയിലിലെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു സന്ദർശനം. ഉടൻതന്നെ അദ്ദേഹം ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ കഴിഞ്ഞ മൂന്നാഴ്ചയായി മുംബൈ ആർതർ റോഡ് ജയിൽ വിചാരണ തടവുകാരനായി കഴിയുകയാണ്.
ഇതിനിടെ, ലഹരിമരുന്ന് കേസുകൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേകകോടതി ആര്യന് ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്യന്റെ അഭിഭാഷകർ.
ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, ഫാഷൻ മോഡൽ മുൺ മുൺ ധമാച്ചേ എന്നിവരുടെ ജാമ്യാപേക്ഷയും വിചാരണക്കോടതി നിരാകരിച്ചിരുന്നു.
നിരോധിത ലഹരിമരുന്നുകളുമായി കഴിഞ്ഞ മൂന്നിനാണു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രതികളെ അറസ്റ്റ്ചെയ്തത്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഷാരൂഖ് മന്നത്തിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല.