കൊയിലാണ്ടി/പയ്യോളി: ഭര്‍തൃമതിയായ യുവതിയേയുംവിവാഹിതനായ യുവാവിനേയും കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ട സംഭവത്തില്‍ കേസ് പുതിയ അന്വേഷണസംഘം ഏറ്റെടുത്തു.
വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടി.ടി. ബാലകൃഷ്ണന്റെ മകള്‍ ഷൈബ (37) യെയാണ് 2019 മെയ് 14 മുതല്‍ കാണാതായത്. അന്നേ ദിവസം കാലത്ത് വിദേശത്തുള്ള ഭര്‍ത്താവ് കല്ലേരി പൊന്മേരിപറമ്പില് വലിയ പറമ്പത്തു ഗിരീഷ് കുമാറിന്റെ വീട്ടില്‍ നിന്നും മകളുമൊത്ത് സ്കൂട്ടറില്‍ സ്വന്തം വീട്ടിലെത്തി.
പതിമൂന്ന് വയസുള്ള മകളെ അച്ഛനെ ഏല്‍പ്പിച്ച ശേഷം വടകര അക്ഷയ കേന്ദ്രത്തില്‍ പോകാനുണ്ടെന്ന് പറഞ്ഞാണ് ഷൈബ വീട്ടില്‍ നിന്നിറങ്ങിയത്. അതിന് ശേഷം ഇത് വരെ ഇവരെ പറ്റി യാതൊരു വിവരവുമില്ല. തൊട്ട് പിറ്റേന്ന് സഹോദരന് ഷിബിന്‍ലാല്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയില്‍ സഹോദരിക്ക് വിവാഹത്തിന് മുന്‍പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നതായി ഷിബിന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. അന്ന് വിദേശത്തുള്ള സന്ദീപിന്റെ കൂടെയാണോ ഇവര്‍ പോയതെന്ന് സംശയമുള്ളതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍്ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷൈബയെ കാണാതായ അതേ ദിവസം ഖത്തറില്‍ ജോലി ചെയ്യുന്ന മണിയൂര്‍ കുറുന്തോടി പുതിയോട്ട് മീത്തല്‍ സന്ദീപ് (45) കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയതായി പോലീസ് അന്വേഷണത്തില്‍ മനസിലായി.
എന്നാല്‍ അന്നോ പിന്നീടോ ഈ യുവാവും സ്വന്തം വീട്ടുകാരുമായോ വീട്ടില്‍ ഇപ്പൊഴുമുള്ള ഭാര്യയുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. സന്ദീപ് നാട്ടിലെത്തിയത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നു സന്ദീപിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചെങ്കിലും അന്ന് പോലീസ് പരാതി സ്വീകരിക്കാന്‍ പോലും തയാറാകാതെ തിരിച്ചയക്കുകയായിരുന്നുവത്രേ.
സംഭവുമായി ബന്ധപ്പെട്ട് തന്റെ മകള്‍ ഷൈബയെ സന്ദീപും പിതാവും കഴിഞ്ഞ ഒരു വര്‍ഷമായി ബലമായി തടഞ്ഞുവച്ചിരിക്കുന്നതായി കാണിച്ച് ഷൈബയുടെ പിതാവ് ടി.ടി. ബാലകൃഷ്ണന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി ജൂണ്‍ 17 നു പുറപ്പെടുവിച്ച ഉത്തരവില്‍ നാലാഴ്ചക്കകം യുവതിയെ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് മേധാവി, റൂറല്‍ എസ്പി, വടകര എസ്ഐ എന്നിവര്‍ക്ക് പുറമെ സന്ദീപ്, പിതാവ് ബാലന് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്.
കാണാതാവുന്നതിന് തൊട്ട് മുന്‍പത്തെ ദിവസങ്ങളില്‍ ഷൈബ ബാങ്ക് അക്കൌണ്ടില്‍ നിന്ന് മുപ്പത്തിനായിരം രൂപ പിന്‍വലിച്ചതായും വിവാഹ ആല്‍ബം ഉള്‍പ്പെടെയുള്ള രേഖകള്‍ നശിപ്പിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം വിവാഹത്തിനായി ഷൈബക്ക് നല്കിയ അറുപത് പവന് സ്വര്‍ണ്ണത്തില്‍ കൈവശം ഉണ്ടായിരുന്ന ഇരുപത് പവന് സ്വര്‍ണ്ണവും നാല്പത് പവന് സ്വര്‍ണ്ണം വിറ്റ തുകക്ക് വാങ്ങിയ വീടിനടുത്തുള്ള സ്ഥലത്തിന്റെ ആധാരവും ഷൈബ കൊണ്ട് പോയതായി പോലീസ് സംശയിക്കുന്നു.
അതേ സമയം സന്ദീപിനെ കാണാതാവുന്ന ദിവസത്തിന് മുന്‍പായി വലിയ തുക സന്ദീപ് സഹോദരന് അയച്ച് കൊടുത്ത് വീടിന്റെ ലോണ്‍ അടച്ച് ബാധ്യത തീര്‍ത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സന്ദീപ് വിദേശത്ത് ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തിന് ഉപയോഗിക്കാന്‍ നല്കിയ ബൈക്ക് സന്ദീപിനെ കാണാതായതിന് ശേഷം സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു.
ആളില്ലാതെ എങ്ങിനെ ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റി എന്നതിനെ കുറിച്ചും പോലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂറല്‍ എസ്പി ഡോ: എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അന്‍പതോളം പേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. പയ്യോളിയിലുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുക്കുന്നത്. നേരത്തെ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
വിദേശത്ത് പോവുന്നതിന് മുന്‍പ് നാട്ടില്‍ ലോറി ഡ്രൈവര്‍ ആയിരുന്ന കാലത്ത് ഗോവ, തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ലോറിയുമായി സന്ദീപ് പോവാറുണ്ടെന്ന വിവരം ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണം ശക്തമാക്കാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളില്‍ ഇവരുടെ ഫോട്ടോ ഉള്‍പ്പെടെ പരസ്യം നല്‍കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.
ഇതിനിടെ ഒക്ടോബര്‍ നാലിന് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ സ്റ്റേഷന് പരിധിയില്‍ തൂങ്ങി മരിച്ചതിന് ശേഷം അഴുകിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെയും യുവാവിന്റെയും മൃതദേഹം ഇവരുടേതല്ലെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആഭരണങ്ങളുടെ ഫോട്ടോ പോലീസ് ബന്ധുക്കളെ കാണിക്കുകയായിരുന്നു.
ഇവരെ കാണാതാവുന്ന സമയത്ത് വിദേശത്തായിരുന്ന ഭര്‍ത്താവ് ഗിരീഷ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്. സന്ദീപിന്റെ ഭാര്യ ഇപ്പോഴും ഭര്‍തൃവീട്ടില്‍ തന്നെ കഴിയുകയാണ്. ഏറെ പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പര അന്വേഷിച്ച സംഘമാണ് ഇപ്പോള്‍ പുതുതായി രൂപീകരിച്ച പുതിയ അന്വേഷണ സംഘത്തില്‍ ഉള്ളത്.
ആലത്തുരില് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടു പോവുകയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബർ നാലാം തീയതി യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീഞ്ഞഴുകിയ നിലയിലായിരുന്നു.
എന്നാല്‍ ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെയും, യുവാവിന്റെയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഒരുങ്ങുന്നത്.
അതിനിടയില്‍ കര്‍ണ്ണാടക, തമിഴ്നാട്, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത്ര കാലമായിട്ടും ബന്ധുക്കളുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.