ജിബിൻ കുര്യൻ
കോട്ടയം: തൊടിയിലും പറമ്പിലും വെറുതെകിടന്നു നശിച്ചുപോകുന്ന കവുങ്ങിൻപാള ഉപയോഗിച്ച് പ്ലേറ്റും സ്പൂണും ബൗളും ട്രേയുമൊക്കെയുണ്ടാക്കി വരുമാനമാർഗമാക്കിയിരിക്കുകയാണ് ഷൈബി.
മീനടം പള്ളിത്താഴത്ത് ഷൈബി മാത്യുവാണ് പ്രകൃതിസൗഹൃദ ബിസിനസിൽ മികച്ച വിജയം കൊയ്ത് മികച്ച വനിതാ സംരംഭകയായി മാറിയിരിക്കുന്നത്.
സംരംഭകയ്ക്കപ്പുറം സമീപവാസികളായ നാലു വനിതകൾക്കു തന്റെ ഹന്ന ഗ്രീൻ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിൽ ജോലിയും നല്കുന്നു. മ
നസുണ്ടെങ്കിൽ മാർഗവും തെളിയും എന്ന ചൊല്ലാണ് ഷൈബിയുടെ സംരംഭകത്വത്തിന്റെ വിജയഗാഥ. നഴ്സായിരുന്ന ഷൈബി ഭർത്താവുമൊത്ത് സൗദിയിൽ കഴിയുന്നതിനിടയിലാണ് നാട്ടിലേക്ക് എത്തിയത്.
പിന്നീട് നാട്ടിൽ തുടരാന് തീരുമാനിച്ചതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായി. പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത ചെറുകിട സംരംഭം തുടങ്ങാനുള്ള അന്വേഷണത്തിനൊടുവിലാണ് കവുങ്ങിൻപാളകൊണ്ടുള്ള ഉത്പന്നങ്ങൾ നിർമിക്കാമെന്ന തീരുമാനത്തിലെത്തിയത്.
ഭർത്താവ് കുര്യാക്കോസിനു മെഷിനറിയിലുള്ള പ്രാവീണ്യം യന്ത്രങ്ങൾ നിർമിക്കുന്നതിനു സഹായകമായി. കവുങ്ങിൻപാളയുടെ ലഭ്യതയനുസരിച്ച് പാലക്കാടാണ് ആദ്യ യൂണിറ്റ് തുടങ്ങിയത്.
ഇവിടെ നിർമിക്കുന്ന ഉത്പന്നങ്ങൾ കോട്ടയത്തെ യൂണിറ്റിൽ എത്തിച്ച് പായ്ക്ക് ചെയ്ത് വില്പന നടത്തുന്നു. കോവിഡ് കാലത്ത് നിർമാണം നിർത്തിയെങ്കിലും ഇപ്പോൾ പൂർവാധികം ഭംഗിയോടെ പുനരാരംഭിച്ചിരിക്കുകയാണ്.
വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള പ്ലേറ്റുകൾ, സ്പൂൺ, ബൗൾ, ട്രേ, ഭക്ഷണ പാഴ്സൽ കണ്ടെയ്നറുകൾ തുടങ്ങിയവയാണ് പ്രധാനമായും നിർമിക്കന്നത്.
പ്ലേറ്റ് നിർമാണത്തിനായി ഉപയോഗിക്കുന്ന പാളയുടെ ശേഷിക്കുന്ന ഭാഗമാണ് സ്പൂണും ബൗളും നിർമിക്കാൻ ഉപയോഗിക്കുന്നത്. ഹന്ന ഗ്രീനിന്റെ വിപണി കേരളത്തിൽ മാത്രല്ല, ഇപ്പോൾ വിദേശരാജ്യങ്ങളിലേക്കും എത്തിയിരിക്കുന്നു.
കേരളത്തിലെ നിരവധി ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, റിസോർട്ടുകൾ എന്നിവർ ഹന്നയുടെ സ്ഥിരം ഉപയോക്താക്കളാണ്.
പാള ഉത്പന്നങ്ങൾക്കു പുറമേ ഇപ്പോൾ ഇവ നിർമിക്കാനുള്ള യന്ത്രങ്ങളും നിർമിച്ചുനല്കുന്നുണ്ട്. ഭർത്താവിന്റെ സഹായത്തോടെയാണ് യന്ത്രങ്ങളുടെ നിർമാണം. പാളയുടെ ലഭ്യതക്കുറവ് ചില സമയങ്ങളിൽ വെല്ലുവിളിയാകുന്നുണ്ട്.
കാസർഗോഡ്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുമാണ് പ്രധാനമായും പാള ശേഖരിക്കുന്നത്. സീസൺ സമയത്ത് കർണാടക, ഷിമോഗ, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നും വലിയതോതിൽ പാള ശേഖരിക്കാറുണ്ട്.
പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ ഇപ്പോൾ പാള ഉത്പന്നങ്ങൾക്കു ഡിമാൻഡ് കൂടിയിരിക്കുകയാണ്. മാലിന്യ പ്രശ്നമോ പ്രകൃതിക്ക് ദോഷകരമാകുന്ന രാസപദാർഥങ്ങളുടെ ഉപയോഗമോ ഇല്ലാത്തതുമൂലം സംരംഭത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധിയാളുകൾ അന്വേഷണവുമായി മീനടത്തെ ഹന്ന ഗ്രീൻ പ്രോഡക്ട്സിൽ എത്താറുണ്ട്.
ഓൺ ലൈനിലാണ് മാർക്കറ്റിംഗ് നടത്തുന്നത്. ഇതുകൂടാതെ കേട്ടറിഞ്ഞ് എത്തുന്നവരും നിരവധിയാണ്. ഹന്ന ഗ്രീൻ പ്രോഡക്ട്സ്- 9946111502.