കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരേ പ്രതിഷേധം ശക്തം. കോഴിക്കോട് എൻഐടിയിലേക്ക് ഇന്ന് വിവിധ യുവജന സംഘടനകൾ മാർച്ച് നടത്തും.
രാവിലെ 10 നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. 12 ന് യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാർച്ച് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എംഎസ്എഫും എൻഐടി ക്യാമ്പസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോഡ്സയെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ കമന്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെ കാമ്പസിൽ നിന്ന് പുറത്താക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന് കമന്റിട്ടത്.