ശ്രീകാര്യം : മർദനമേറ്റ് ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
ഇദ്ദേഹത്തിന്റെ ശരീരത്തിലുള്ള പരിക്കുകൾ മുൻപ് ഉണ്ടായ അടിപിടിയിൽ ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നതായി ശ്രീകാര്യം പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം ഷൈജുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരത്തോടെ വർക്കലയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു.
വർക്കല മുട്ടപ്പലം ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജു സത്യദേവൻ (42) നെയാണ് തിങ്കളാഴ്ച രാവിലെയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്തെ സ്വകാര്യ ബാങ്ക് കെട്ടിടത്തിന്റെ പിന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അജ്ഞാതരുടെ ആക്രമണത്തിൽ ഞായറാഴ്ച ഗുരുതര പരിക്കുകളോടെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തുകയും പോലീസ് ഷൈജുവിനെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.അവിടെ നിന്നാണ് ചികിത്സയിലിരിക്കെ കാണാണാതാകുകയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്.
സംഭവത്തിൽ പോലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യഎന്ന് തന്നയായിരുന്നു,എന്നാൽ സമീപത്ത് രക്തം തളം കെട്ടി നിന്നിരുന്നു അതാണ് കൊലപാതകമാമെന്ന് സംശയിക്കാൻ കാരണം.എന്നാൽ മുൻപ് അടിപിടിയിൽ ഇയാളുടെ മൂക്കിന് പരിക്കേറ്റിരുന്നു.
അതിൽ നിന്നുമാണ് രക്തം വന്നിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. മെഡിക്കൽ കോളേജിൽ നിന്നും ശ്രീകാര്യത്ത് ഇവിടെ എത്തിയത് ഇപ്പോഴും ദുരൂഹമാണ്. ഇവിടെ എങ്ങനെ എത്തിയെന്നു ശ്രീകാര്യം പോലീസിനും രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഇത് സംബന്ധിച്ച തുമ്പ് കിട്ടിയിട്ടില്ല.കല്ലമ്പലത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ടു കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷൈജുവിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും മർദനമേറ്റത് ഇതിനെ തുടർന്നായിരുന്നുവെന്നും മരണത്തിന്റെ ദുരൂഹത ഉണ്ടെന്നും ഉന്നത തല ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഷൈജുവിന്റെ കുടുംബം പറഞ്ഞു.