ചേർത്തല: പോലീസിൽ നിന്നും രക്ഷപ്പെടാൻ പാർട്ടി ഓഫീസിൽ അഭയം തേടിയ പ്രതി കോടതിയിൽ കീഴടങ്ങി. പട്ടണക്കാട് അന്ധകാരനഴി സ്വദേശി കറുവ ഷൈജു എന്നു വിളിക്കുന്ന ഇഗ്നേഷ്യസാണ് ബുധനാഴ്ച ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്കുരുവിള മുന്പാകെ കീഴടങ്ങിയത്. കോടതി ഇയാൾക്കു ജാമ്യം അനുവദിച്ചു.
സ്ത്രീയെ അപമാനിച്ചെന്ന പരാതിയിൽ പട്ടണക്കാട് പോലീസ് തെരഞ്ഞിരുന്ന പ്രതിയാണ് ഇയാൾ. കഴിഞ്ഞദിവസം ഇയാളെ പിന്തുടർന്ന് പോലീസ് എത്തിയെങ്കിലും സിപിഐ പ്രവർത്തകനായ ഷൈജു ചേർത്തല ഓഫീസിൽ ഒളിക്കുകയായിരുന്നു.
ഇയാളെ പിടികൂടാൻ പാർട്ടി ഓഫീസ് പരിശോധിക്കാനെത്തിയ എസ്ഐയെ പാർട്ടിക്കാർ തടഞ്ഞത് വിവാദമായിരുന്നു. നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പരിശോധന നടന്നിരുന്നില്ല. പോലീസിന്േറതു തെറ്റായ വാദമെന്നായിരുന്നു നേതാക്കളുടെ നിലപാട്.
പിന്നീട് പോലീസിന്റെ ഉന്നതതല ഇടപെടൽമൂലം എസ്ഐക്ക് പിന്തിരിയേണ്ടിവന്നു. അന്വേഷണത്തിനു നേതൃത്വം നൽകിയിരുന്ന പട്ടണക്കാട് എസ്ഐയെ പിന്നീട് മണ്ണഞ്ചേരിയിലേക്കു മാറ്റി. ഇതിനിടയിൽ ഒളിവിലായിരുന്ന ഷൈജു ഇന്നലെ ചേർത്തല കോടതിയിൽ കീഴടങ്ങി ജാമ്യം നേടുകയായിരുന്നു.