എം.ജി. ലിജോ
കൊച്ചി: മലയാളികളുടെ അടുക്കളയില്‍പ്പോലും ഫുട്ബോളിനെ ജനകീയമാക്കിയ ഷൈജു ദാമോദരന്‍ ഇന്ന് ഐഎസ്എല്ലിലെ നാനൂറാം മത്സരം. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരാളും 400 മത്സരങ്ങള്‍ക്കു കമന്ററി പറഞ്ഞിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയ്ന് മത്സരത്തോടെ ഈ അപൂര്‍വനേട്ടമാണു ഷൈജുവിനു സ്വന്തമാകുന്നത്. വിവിധ പ്രാദേശിക ഭാഷകളില്‍ ഐഎസ്എല്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഏറ്റവുമധികം ടിവി റേറ്റിംഗുള്ളതു മലയാളത്തിലാണ്.
ആദ്യസീസണിലെ ആദ്യമത്സരം മുതല്‍ കമന്ററി ബോക്സിലുള്ള ഷൈജുവിന്റെ ശബ്ദം പലപ്പോഴും ഭൂഖണ്ഡങ്ങള്‍ക്കപ്പുറവും ഹിറ്റായിട്ടുണ്ട്. കഴിഞ്ഞ തവണ മുംബൈയിലെയും ഗോവയിലെയും സ്റ്റുഡിയോയിലിരുന്നായിരുന്നു കളിപറച്ചില്‍. ഇത്തവണ കൊച്ചിയിലെ സ്റ്റുഡിയോയിലാണു കമന്ററി.
ഇത്തവണ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിലാണു മത്സരവും കമന്ററിയും എഡിറ്റിംഗുമൊക്കെ നടക്കുന്നത്. ഗോവയില്‍ നടക്കുന്ന മത്സരത്തിനു കൊച്ചിയിലിരുന്ന് ഷൈജു കമന്ററി പറയും. ഈ കമന്ററിയും കളിയും സംയോജിപ്പിക്കുന്നതു മുംബൈയിലെ സ്റ്റുഡിയോയിലാണ്.
ഇന്റർനെറ്റ് കണക്ടിവിറ്റിയില്‍ തടസം നേരിട്ടാല്‍ അതു കമന്ററിയെയും ബാധിക്കും. ഭാഗ്യവശാല്‍ ഇത്തവണ അത്തരത്തില്‍ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നു ഷൈജു പറയുന്നു.
കമന്ററിക്കായി വാക്കുകളും പ്രയോഗങ്ങളും കണ്ടെത്തുന്നതില്‍ ഭാര്യയുടെ സംഭാവന ഏറെയാണെന്നു ഷൈജു പറയുന്നു. ഹിറ്റായ പല വരികളും ഭാര്യ ഓര്‍മപ്പെടുത്തി തന്നതാണ്. അതിലേറെ ഹിറ്റായത് കവി മുരുകന് കാട്ടാക്കടയുടെ ‘നൂറുനൂറു പൂക്കളെ ചവച്ചരച്ച കാലമേ, ഒരിക്കലും മരിക്കുകയില്ല ഈ ചുവന്ന പൂവ് ’ എന്നതായിരുന്നു. ചിലപ്പോഴോക്കെ ഈ വരികള്‍ തന്റേതാണെന്ന് ആളുകള്‍ കരുതാറുണ്ടെന്നും ഷൈജു ചെറു ചിരിയോടെ പറയുന്നു.