കണ്ണൂർ: കപ്പൽ കാണാൻ പോയ യുവാവ് കടലിൽ വീണുമരിച്ചു. അഴീക്കൽ തീപ്പെട്ടികന്പനിക്ക് സമീപത്തെ മോഹനന്റെ മകൻ കലിങ്കൽ ഷൈജു (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. അഴീക്കൽ കടലിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പൽ കാണാൻ പോയ ഷൈജു ഉൾഭാഗങ്ങൾ കാണാൻ കപ്പലിൽ കയറുകയായിരുന്നു. ഏറ്റവും മുകൾ ഭാഗത്ത് കയറി വീക്ഷിക്കുന്നതിനിടെ കാൽവഴുതി കടലിൽ വീഴുകയായിരുന്നു.
ബഹളം കേട്ട് കപ്പൽ കാണാനെത്തിയ കരയ്ക്കുള്ളവർ കടലിലിറങ്ങി ഷൈജുവിനെ കരയ്ക്കെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂലിപ്പണിക്കാരനായ ഷൈജു ഏറെ ദിവസമായി കപ്പൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അമ്മ: പരേതയായ സഗുണ. ഭാര്യ: ജിഷ. നീരജ് കൃഷ്ണൻ ഏക മകനാണ്. ഷമൽ, ഷൈന, ഷംന എന്നിവർ സഹോദരങ്ങളാണ്.