കൊച്ചി: ഇന്ത്യന്‍ രൂപയില്‍ മാത്രമല്ല, കറന്‍സി ഏതായാലും അച്ചടിയില്‍ പിഴച്ചാല്‍ ഷൈജു കുടിയിരിപ്പില് അതങ്ങെടുക്കും. നിര്‍മാണ തകരാറുകള്‍ സംഭവിക്കുന്ന കറന്‍സികള്‍ ഉള്‍പ്പെടുന്ന ഇദേഹത്തിന്റെ അപൂര്വശേഖരത്തിലേക്ക് ഇനി തെറ്റു പറ്റിയ അമേരിക്കന്‍ ഡോളറും. ഒരു ഡോളറിന്റെ നാലു കറന്‍സികള്‍ ഒരുമിച്ചുചേര്‍ന്ന നിലയില്‍ പുറത്തിറങ്ങിയ എറര്‍ കറന്‍സി ഷീറ്റാണു ഷൈജു സ്വന്തമാക്കിയത്.
ഈ വര്‍ഷം അച്ചടിച്ച ഡോളര്‍ കറന്‍സിയിലാണു തെറ്റ് കടന്നുകൂടിയത്. പതിനായിരക്കണക്കിന് കറന്‍സികളടങ്ങിയ വലിയൊരു കറന്‍സി ഷീറ്റില്‍ നിന്നും യന്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോ നോട്ടും മുറിച്ചെടുക്കുകയാണു പതിവ്.
എന്നാല്‍ ഇപ്രകാരം മുറിച്ചപ്പോള്‍ നാല് കറന്‍സികള്‍ ഒരുമിച്ച് ചേര്‍ന്ന നിലയില്‍ ഒരു ഷീറ്റായി പുറത്തിറങ്ങി. മുംബൈയിലെ വിദേശ കറന്‍സി വിനിമയ കേന്ദ്രത്തിലാണ് നോട്ട് ആദ്യമെത്തുന്നത്. അവിടെ ജീവനക്കാരനായ മലയാളിയാണ് ഈ അപൂര്‍വ കറന്‍സി ഷൈജുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. തുല്യമായ കറന്‍സി കൊടുത്താണ് അപൂര്‍വ കറന്‍സി ഷീറ്റ് ഷൈജു തന്റെ ശേഖരത്തിലെത്തിച്ചത്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒ ആന്‍ഡ് മീഡിയ റിലേഷന്‍സ് ഓഫീസറാണു ഷൈജു കുടിയിരിപ്പില്. 25 വര്‍ഷമായി അപൂര്‍വ കറന്‍സികള്‍ ശേഖരിക്കുന്ന ഇദേഹം കേരള ന്യുമിസ്മാറ്റിക്സ് സൊസൈറ്റി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ന്യുമിസ്മാറ്റിക്സ് ക്ലബുകളില്‍ അംഗത്വമുള്ള അറിയപ്പെടുന്ന ന്യുമിസ്മാറ്റിസ്റ്റാണ്.