വൈപ്പിൻ: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുഴുപ്പിള്ളി ബീച്ചിൽനിന്നു കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഏഴംഗസംഘത്തിൽ ഒളിവിലായിരുന്ന ബാക്കി അഞ്ചുപേരെക്കൂടി മുനന്പം പോലീസ് അറസ്റ്റ് ചെയ്തു.
എടവനക്കാട് സ്വദേശികളായ താന്നിപ്പിള്ളി രഞ്ചു(40), പഴന്പിള്ളി സന്ദീപ് (30), കക്കാട്ട് അനൂപ് (25), കൊല്ലാട്ടുതറ സിജോയ് (34), ചിരട്ടപ്പുരക്കൽ അമീർഷാ (36) എന്നിവരാണ് അറസ്റ്റിലായത്.
മറ്റു പ്രതികളായ എടവനക്കാട് ഒളിപ്പറന്പിൽ സരുണ്‍ (28), ചെറായി തടലിപ്പറന്പിൽ ഡാനിയേൽ ആന്റണി (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുഴുപ്പിള്ളി ബീച്ചിലെ ഹോം സ്റ്റേയിൽനിന്നു 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സൈജു തങ്കച്ചനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി.
കഴിഞ്ഞ 16നു രാത്രിയിലായിരുന്നു സംഭവം. പോലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയാണെന്നു കരുതി തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
എന്നാൽ കോടതിയിൽനിന്ന് അറസ്റ്റിനെതിരേ വിധി നേടിയ സൈജു ഒളിവിൽ കഴിയുകയായിരുന്നില്ല. സൈജുവിന്റെ സഹോദരൻ എം.ടി. സോണി മുനന്പം പോലീസിൽ നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരേയാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴു പ്രതികളുണ്ടെന്നു കണ്ടെത്തുകയായിരുന്നു.