തിരുവനന്തപുരം: ശ്രീകാര്യത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വർക്കല സ്വദേശി ഷൈജു (40) വിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഷൈജുവിന്റെ മുഖത്തും ശരീരത്തിലും ഏറ്റ മുറിവുകൾ മരണം സംഭവിക്കുന്നതിന് മുൻപ് ഉണ്ടായിട്ടുള്ളതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കല്ലന്പലത്ത് സംഘർഷത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷൈജു അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. ഇയാൾ ശ്രീകാര്യത്ത് എങ്ങനെ എത്തിച്ചേർന്നുവെന്നാണ് പ്രധാനമായും പോലീസിന്റെ സംശയം.
ആരെങ്കിലും തട്ടിക്കൊണ്ട് വന്നതാണോ അതോ സ്വമേധയാ എത്തിയതാണോ എന്നതിനെക്കുറിച്ച് ഉൾപ്പെടെ പോലീസിന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി റോഡ് സൈഡിലെയും മൃതദേഹം കാണപ്പെട്ട സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തിയിരുന്നു. ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചും ദുരുഹതയുണ്ട്. ഡോഗ് സ്ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ ഒരു വീട്ടിലേക്ക് കയറിയിരുന്നു.
ഷൈജുവിന്റെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും കൂട്ടികെട്ടിയ നിലയിൽ കയർ കണ്ടെത്തിയതിലും സംശയമുണ്ട്. കൂടാതെ ഷൈജുവിന്റെ മൃതദേഹം കാണപ്പെട്ട സ്വകാര്യ ബാങ്കിന് സമീപത്തെ കെട്ടിടത്തിന്റെ തറയിൽ ചോരപ്പാടുകൾ കണ്ടതിലും ദുരൂഹതയുണ്ട്.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ഷൈജുവിനോട് വിരോധമുള്ള വ്യക്തികളെക്കുറിച്ചും കല്ലന്പലം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കല്ലന്പലത്ത് വച്ച് നടന്ന സംഘർഷത്തിൽ ഉൾപ്പെട്ടവരെയും പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.