അങ്കമാലി: പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഷൈജു തോമസി (40) നെതിരേ ശക്തമായ തെളിവുകളുമായി പോലീസ്.
കുഞ്ഞിനോടുള്ള ദേഷ്യവും പിതൃത്വത്തിലുള്ള സംശയവും മൂലം കുഞ്ഞിനെയും തന്നെയും തുടർച്ചയായി മർദിച്ചിരുന്നതിന്റെ വിവരങ്ങൾ ശിശുക്ഷേമ സമിതി സെക്രട്ടറിയെ അമ്മ അറിയിച്ചിട്ടുണ്ട്.
തികഞ്ഞ മദ്യപാനിയായ ഷൈജു സംശയരോഗം മൂലം ഭാര്യയെ മർദിക്കുമായിരുന്നെന്നും തടയാൻ ശ്രമിച്ച മാതാവിനെയും സഹോദരിയെയും ആക്രമിക്കാറുണ്ടായിരുന്നെന്നുമുള്ള വേറെ മൊഴികളും പോലീസിനു ലഭിച്ചിട്ടുണ്ട്.
പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഷൈജു ഫേസ്ബുക്കിലൂടെ അധ്യാപകനെന്ന വ്യാജേന പരിചയപ്പെട്ടാണ് നേപ്പാൾ സ്വദേശിയായ യുവതിയെ ഒരു വർഷം മുൻപാണ് വിവാഹം കഴിച്ചത്.
കണ്ണൂർ സ്വദേശിയായ ഇയാൾ പിന്നീട് അങ്കമാലിയിൽ വാടകവീട്ടിൽ താമസം തുടങ്ങുകയായിരുന്നു. സംശയരോഗം മൂലം അയൽപക്കക്കാരോട് പോലും ഇടപെടുന്നതിൽനിന്നു തന്നെ വിലക്കിയിരുന്നെന്നു യുവതി വ്യക്തമാക്കിയിട്ടുണ്ട്. തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി ഷൈജുവിനെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
കുഞ്ഞ് സാധാരണനിലയിലേക്ക്
കോലഞ്ചേരി: അച്ഛന്റെ ക്രൂരമർദനത്തിനിരയായി കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി.
തലയിലേറ്റ ക്ഷതത്തിനു ശസ്ത്രക്രിയ പൂർത്തിയായി രണ്ടുദിവസം പിന്നിടുമ്പോൾ കുഞ്ഞ് സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന കുഞ്ഞിന്റെ ദഹനപ്രക്രിയയും ശരീരോഷ്മാവും നാഡിമിടിപ്പുകളും സാധാരണനിലയിലാണ്.
അച്ഛൻ തലയ്ക്കിടിക്കുകയും കട്ടിലിലേക്ക് എടുത്തെറിയുകയും ചെയ്തതിനെത്തുടർന്നു തലച്ചോറിലുണ്ടായ രക്തസ്രാവം ഒഴിവാക്കാൻ 54 ദിവസം പ്രായമുള്ള പെൺകുഞ്ഞിനു തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ.
48 മണിക്കൂറിനുശേഷം കുട്ടിയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതി പ്രതീക്ഷയോടെയാണ് മെഡിക്കൽ സംഘം കാണുന്നത്. കഴിഞ്ഞ 18നു പുലർച്ചെ രണ്ടോടെയാണ് അങ്കമാലിയിലെ വാടകവീട്ടിൽ കുഞ്ഞ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പിതാവ് കണ്ണൂർ സ്വദേശി ഷൈജു തോമസ് റിമാൻഡിലാണ്.