തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നത് ആശ്വാസകരമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എന്നാൽ പൂർണമായി ആശ്വാസം ലഭിച്ചെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ സ്ഥിതിയിൽ ആശങ്കയില്ലെങ്കിലും ജാഗ്രത ആവശ്യമാണ്.
സർക്കാറിന്റെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന് ഫലം ലഭിക്കുന്നുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുകയാണ് ലക്ഷ്യം. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
കോവിഡ് പരിശോധനക്കായി സംസ്ഥാനത്ത് പത്ത് ലാബുകൾ സജ്ജമാണ്. പരിശോധനക്ക് നിലവിൽ ആവശ്യത്തിന് കിറ്റുകളുണ്ട്. അതേസമയം, റാപ്പിഡ് ടെസ്റ്റ് നടത്താൻ കൂടുതൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകൾക്കായി കാത്തിരിക്കുകയാണ്. ലോക്ക്ഡൗൺ ക്രമീകരണം കേന്ദ്ര നിർദേശ പ്രകാരം മാത്രമേ മാറ്റം വരുത്തുകയുള്ളൂ.
വിഷുവിന് സാധനങ്ങൾ വാങ്ങാൻ വരുന്നവർ സാമൂഹിക അകലം പാലിക്കണം. ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. ജനങ്ങൾ ഒന്നായിട്ട് പുറത്തിറങ്ങുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു.