പയ്യന്നൂർ: പരേതനായ മുൻ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ സ്വത്തും പണവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതിയായ പയ്യന്നൂരിലെ അഭിഭാഷക തായിനേരിയിലെ കെ.വി.ഷൈലജയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസന്വേഷണത്തിനു തുമ്പുണ്ടാക്കാന്‍ കഴിയുന്ന വിലപ്പെട്ട രേഖകള്‍ റെയ്ഡിൽ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങിയ ഷൈലജയെയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും കൂട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ തായിനേരിയിലുള്ള വീടായ ഹരികൃഷ്ണയിൽ റെയ്ഡ് നടത്തിയത്. ഏഴു ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച ഇവരെ പോലീസ് ആദ്യം ചോദ്യം ചെയ്തെങ്കിലും നിസഹകരണ മനോഭാവമാണ് കാണിച്ചത്.
ഇതിനുശേഷമാണ് ഇവരുടെ വീട് റെയ്ഡ് ചെയ്തത്. വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന നിരവധി രേഖകൾ കണ്ടെത്തി. സത്യം പുറത്തുവരുത്തുവാന് കഴിയുന്ന പല തെളിവുകളും ഇക്കൂട്ടത്തിലുണ്ടെന്ന് സിഐ എം.പി.ആസാദ് പറഞ്ഞു. രേഖകളുടെ വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്. കസ്റ്റഡിയിലുള്ള പ്രതികളേയും കൂട്ടി ഇന്നു രാവിലെ പോലീസ് തിരുവനന്തപുരത്തേക്കു തെളിവെടുപ്പിനായി യാത്രതിരിക്കും.
തിരുവനന്തപുരം,കൊടുങ്ങല്ലൂര്‍,ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പിനായാണു അഭിഭാഷകയെയും ഭര്‍ത്താവിനെയും കൂട്ടി യാത്ര തിരിക്കുന്നത്. വ്യാജരേഖകളുണ്ടാക്കിയ സ്ഥാപനങ്ങളും സ്ഥലങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.ഷൈലജയേയും കൃഷ്ണകുമാറിനെയും ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിന്റെ നിഗൂഡതകൾ പുറത്തുകൊണ്ടുവരുന്നതിനായി ഒട്ടേറെ സ്ഥലങ്ങളിൽ ഇവരെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പരേതനായ രജിസ്ട്രാർ താമസിച്ചിരുന്ന തിരുവനന്തപുരം പേട്ട, ചികിത്സയിലായിരുന്ന ആശുപത്രി, മരണം നടന്നതായി പറയുന്ന കൊടുങ്ങല്ലൂർ, ബന്ധുക്കളെപ്പോലും അറിയിക്കാതെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ച ഷൊർണൂർ ശ്മശാനം, തറവാട്ടുവീടായ തളിപ്പറമ്പ് തൃച്ഛംബരം, പരിയാരത്തെ സ്വത്ത് കൈമാറ്റം നടത്തിയ അമ്മാനപ്പാറ, വ്യാജ വിവാഹ സർട്ടിഫിക്കറ്റ് സമ്പാദിച്ച പയ്യന്നൂരിലെ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.