ന്യൂയോർക്ക്: മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം… അവനെ ചേർത്തുപിടിച്ച് ഇരിക്കണം… യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം. എന്നാൽ വിധി എതിരായി. കലിഫോർണിയയിൽ ചികിത്സയിലുള്ള മകനെ ഒരു നോക്ക് കാണാനാകാതെ വിതുമ്പുകയാണ് ഈ അമ്മ.
ജന്മനാ മസ്തിഷ്കരോഗം ബാധിച്ച രണ്ടു വയസുകാരൻ അബ്ദുള്ള ഹസന്റെ മാതാവാണ് ഷൈമ. മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുകയാണ് അബ്ദുള്ള. തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതുകയും ചെയ്തു. കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമക്കാകുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ ചില നിയമങ്ങളാണ് ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
അഭയാർഥി രാജ്യങ്ങളിലെ പൗരന്മാർക്ക് ഡോണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കാണ് മകനൊപ്പം ചെലവഴിക്കാനുള്ള ഷൈമയുടെ ആഗ്രഹങ്ങൾക്ക് തടസമായത്. അമേരിക്കൻ പൗരനായ ഭർത്താവ് അലി ഹസനാണ് മകനൊപ്പം ആശുപത്രിയിലുള്ളത്. എന്നാൽ, അമ്മയുടെ സമീപ്യത്തിന് പകരമാകില്ലല്ലോ ഒന്നും.
നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്. കുട്ടിയെ ഈജിപ്തിലേക്ക് മാറ്റുന്നത് ജീവനു കൂടുതൽ ഭീഷണിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കനിയുമെന്ന പ്രതീക്ഷയിൽ ഷൈമയും കുടുംബവും കാത്തിരിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കൊപ്പം ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്കുമാണ് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്.