ന്യൂയോർക്ക്: മസ്തിഷ്കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണമെന്നും അവനെ മാറോടു ചേർക്കണമെന്നുമുള്ള യെമനി പൗരയായ അമ്മയുടെ ആഗ്രഹത്തിന് ചിറകു നൽകി അമേരിക്ക. ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ മാതാവ് ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകി.
വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് ലഭിച്ച പിന്തുണ വളരെ വലുതാണെന്ന് സിഎഐആർ അധികൃതർ വ്യക്തമാക്കി. ഇ-മെയിലായും ഫോൺവിളികളായും കത്തുകളായും ട്വീറ്റുകളായും ആയിരക്കണക്കിന് പേരാണ് ഇവരുടെ ആഗ്രഹം നിറവേറ്റണം എന്ന ആവശ്യവുമായി രംഗത്തെത്തിയതെന്ന് അധികൃതർ പറഞ്ഞു.
തങ്ങളുടെ ആവശ്യം അംഗീകരിച്ച അമേരിക്കൻ ഭരണകൂടത്തോട് ഏറെ നന്ദിയുണ്ടെന്നും തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളിലൊന്നാണിതെന്നും അബ്ദുള്ളയുടെ പിതാവ് അമേരിക്കൻ പൗരനായ അലി ഹസൻ പറഞ്ഞു.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഇവർ സാൻഫ്രാൻസിസ്കോയിൽ എത്തുമെന്നാണ് വിവരം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കൊപ്പം ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങൾക്കുമാണ് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളത്. ഈ യാത്രാ വിലക്കായിരുന്നു ഷൈമയ്ക്ക് വിലങ്ങുതടിയായത്.