കൊച്ചി: ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങുന്നു. അജ്മീറിലെ തീർഥാടനത്തിനുശേഷം തിരിച്ചെത്തിയ ഷെയിൻ നിഗം താരസംഘടനയുമായി ചർച്ചയ്ക്ക് സമയം ചോദിച്ചു.
താരം ഫോണിൽ ബന്ധപ്പെട്ടതായും ചർച്ചയ്ക്കു സമയം ചോദിച്ചെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ചർച്ച നടത്തുന്ന ദിവസം സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്നും ഭാരവാഹികളുടെകൂടി സമയം ലഭിക്കുന്നതനുസരിച്ചായിരിക്കും കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സിനിമാ സംഘടനകൾ ഇടപെട്ടതിന് പിന്നാലെ അമ്മ മുന്നോട്ട് വയ്ക്കുന്ന ഒത്തുതീർപ്പ് നിർദേശം അംഗീകരിക്കുമെന്ന നിലപാടിലേക്ക് ഷെയിൻ എത്തുമെന്നാണു സൂചന.
ഷെയിൻ നിഗത്തെ സിനിമയിൽ നിന്ന് വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് സംഘടന നേരത്തെ നിലപാട് എടുത്തിരുന്നു. ഫെഫ്ക്കയും ഇതേ നിലപാടിലാണ്. ഷെയ്ൻ നിഗവുമായി ചർച്ച നടത്തിയതിനുശേഷം അമ്മ നിർമാതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ അമ്മ ഷെയ്നിനോട് ആവശ്യപ്പെടാനാണ് സാധ്യത.