കൊച്ചി: തർക്കങ്ങളുടെ പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തനിക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ ഷെയ്ൻ നിഗം. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.
നിർമാതാക്കൾക്ക് വിഷമമുണ്ടാകുന്ന തരത്തിൽ താൻ പ്രതികരിച്ചതിന് നടത്തിയ ഖേദപ്രകടനം സ്വീകരിക്കുമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തനിക്കും കൂടി അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രശ്ന പരിഹാരത്തിന് താരസംഘടനയായ അമ്മ ഇടപെടുമെന്ന് കുരുതുന്നുവെന്നും ഷെയ്ൻ പ്രതികരിച്ചു.
മുടങ്ങിപ്പോയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ താൻ തയാറാണ്. “ഉല്ലാസം’ എന്ന സിനിമയുടെ ഡബിംഗ് ജോലികളും തീർക്കാനും ഷൂട്ടിംഗ് മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും പൂർത്തിയാക്കാൻ താൻ തയാറാണെന്നും താരം കൂട്ടിച്ചേർത്തു.
ചലച്ചിത്രമേളയ്ക്കിടെ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഷെയ്ൻ നിർമാതാക്കൾക്കെതിരേ മോശം പരാമർശനം നടത്തിയത്. സിനിമ മുടങ്ങിയ നിർമാതാക്കളുടെ മനോവിഷമം കാണുമോ എന്ന ചോദ്യത്തിന് നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
ഇതോടെ ഇനി ഷെയ്നുമായി ചർച്ചയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. വിഷയം രമ്യമായി പരിഹരിക്കാൻ ഇടപെട്ട ഫെഫ്കയും അമ്മയും ചർച്ചകളിൽ നിന്നും പിന്മാറുകയും ചെയ്തു.
പ്രതികരണത്തിൽ ഒറ്റപ്പെട്ട ഷെയ്ൻ പിന്നീട് നവമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞു. തന്റെ പ്രതികരണം ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.