കൊച്ചി: “വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ലംഘിച്ചെന്നു കാട്ടി മലയാള സിനിമാ നിർമാതാക്കൾ വിലക്കേർപ്പെടുത്തിയതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ നിഗം. പ്രശ്നത്തിൽ താരസംഘടനയായ “അമ്മ’ ഇടപെടണമെന്ന് ഷെയ്ൻ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ സംവിധായകൻ ശരതും നിർമാതാവ് ജോബി ജോർജും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഷെയ്ൻ ആരോപിച്ചു.
സംവിധായകൻ തന്റെ മനസാന്നിധ്യം ഇല്ലാതാക്കുകയാണ്. ആത്മാഭമാനം പണയപ്പെടുത്തി മുന്നോട്ട് പോകാനാകില്ല. സംഘടന ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ചിത്രവുമായി സഹകരിക്കാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് “അമ്മ’ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം- ഷെയ്ൻ ആവശ്യപ്പെട്ടു. ഒരു കലാകതാരന് സഹിക്കാവുന്നതല്ല സംവിധായകന്റെയും നിർമാതാവിന്റെയും പ്രവൃത്തിയെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
“വെയിൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കരാർ ലംഘിച്ചെന്നു കാട്ടി വ്യാഴാഴ്ചയാണ് ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ സംഘടനു വിലക്ക് ഏർപ്പെടുത്തിയത്. ഷെയ്നിനെ പുതിയ ചിത്രങ്ങളിൽ സഹകരിപ്പിക്കേണ്ടെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അടിയന്തര യോഗം തീരുമാനിക്കുകയായിരുന്നു. നിർമാതാവ് ജോബി ജോർജ് ഷെയ്ൻ നിഗമിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വീണ്ടും പരാതി നൽകിയതോടെയാണ് വിലക്ക് സംബന്ധിച്ച് അസോസിയേഷൻ തീരുമാനമെടുത്തത്. “വെയിൽ’ എന്ന സിനിമയുമായി സഹകരിക്കാൻ ഷെയ്ൻ നിഗം തയാറാവുന്നില്ലെന്നായിരുന്നു പരാതി.
നേരത്തെ, ജോബി ജോർജ് തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. താരസംഘടനയായ അമ്മയ്ക്കു പരാതി നൽകുകയും ചെയ്തു. ഇതേതുടർന്ന് ഇരുവരും തമ്മിലുള്ള തർക്കം സംഘടനകൾ ഇടപെട്ട് പരിഹരിച്ചു. “വെയിൽ’ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഷെയ്ൻ ഷൂട്ടിംഗിന് എത്തുന്നില്ലെന്നാണ് ജോബി ജോർജ് പരാതിയിൽ ഉന്നയിച്ചത്.
ഷെയ്ൻ സഹകരിക്കാത്തതിനെ തുടർന്ന് തുടർന്ന് “വെയിൽ’ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. സംവിധായകൻ ശരതിന് ഷെയ്ൻ അയച്ചു നൽകിയ വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്.