കൊച്ചി: ഷെയ്ൻ നിഗം വിഷയം പരിഹരിക്കാനുള്ള നീക്കം പാളി. ഷെയ്ൻ നിഗത്തിന്റെ പ്രസ്താവനയിൽ പ്രശ് നം കൂടുതൽ വഷളായി. കഴിഞ്ഞ ദിവസങ്ങളിൽ ഷെയ്ൻ നിഗമില്ലാതെ സംഘടനകൾ തമ്മിൽ ചർച്ച നടത്തി പ്രശ്നപരിഹാരത്തിനുള്ള മാർഗം തേടിയിരുന്നു.
മോഹൻലാലിന്റെ ഇടപെടൽ വിജയം കണ്ടു വരുന്നതിനിടയിലാണ് ഷെയ്ൻ നിഗത്തിന്റെ പ്രകോപനപരമായ പ്രസ്താവന തിരുവനന്തപുരത്തുനിന്നും വന്നത്. ഇതോടെ നിർമാതാക്കൾ കടുത്ത നിലപാടുമായി മുന്നോട്ടു വരികയായിരുന്നു. തീരുമാനങ്ങളെ മാറ്റി പറയുന്ന ആളുമായി എങ്ങനെ ചർച്ച ചെയ്യുമെന്നാണ് നിർമാതാക്കൾ ചോദിക്കുന്നത്.
ഷെയ്ൻ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയും സംവിധായകരുടെ സംഘടന ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചർച്ചകൾ നിർത്തിയും വച്ചു. പ്രശ്നപരിഹാരത്തിനു മുന്നോട്ടു വന്നിരുന്ന അമ്മയും പ്രതിസന്ധിയിലായി. അമ്മ സെക്രട്ടറി ഇടവേള ബാബു ഇതു സംബന്ധിച്ചു പ്രതികരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു.
നിർമാതാക്കൾക്ക് മനോരോഗമാണെന്ന തരത്തിൽ ഷെയ്ൻ നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഷെയ്ൻ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചർച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്ന് നിർമാതാക്കൾ പ്രതികരിച്ചു.
ഷെയ്ൻ പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാവില്ലെന്ന നിലപാടിലാണ് നിർമാതാക്കൾ. സംഘടനകൾ തമ്മിലുള്ള തർക്കം സംഘടനയിൽ തന്നെ രമ്യമായി പരിഹരിക്കുന്നതിന് പകരം സർക്കാരിനെക്കൂടി ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് താരസംഘടനും സംവിധായകരുടെ സംഘടനയുടെയും പിൻമാറ്റം എന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടൻ സിദ്ദീഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്നുമായി നടത്തിയ ചർച്ചയിൽ താൻ അമ്മയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നതനുസരിച്ച് മുന്നോട്ടുനീങ്ങുമെന്നും ഷെയ്ൻ ഉറപ്പു നൽകിയിരുന്നു. എന്നാൽ, പുതിയ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നാണ് നിർമാതാക്കളുടെ സംഘടന നൽകുന്ന സൂചന. ഇതോടെ ഇനി ചർച്ചയ്ക്ക് മുൻകൈയെടുക്കില്ലെന്ന നിലപാടിലാണ് അമ്മ നേതൃത്വം.
ഷെയ്നെ വിലക്കിയ സംഭവത്തിൽ ഇടപെട്ടതിനെ എതിർത്ത് അമ്മയിൽ തന്നെ ഒരു വിഭാഗം ആളുകൾ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ എതിർപ്പ് മറികടന്നാണ് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശപ്രകാരം ജനറൽ സെക്രട്ടറി ഇടവേള ബാബു ചർച്ചകൾക്ക് മുൻകൈയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ വീട്ടിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
തുടർ നടപടി എന്ന നിലയിൽ ഫെഫ്കയുമായി ഇന്നലെ അനൗദ്യോഗിക ചർച്ചയും തീരുമാനിച്ചിരുന്നു. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഷെയ്ൻ നടത്തിയ പ്രസ്താവനകളും പ്രകോപനപരമായ നീക്കങ്ങളുമാണ് ചർച്ചകളുടെ സാധ്യത ഇല്ലാതാക്കിയത്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലചിത്രമേളിൽ പങ്കെടുക്കാനെത്തി ഷെയ്ൻ നിർമാതാക്കൾക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
നിലവിലെ സാഹചര്യത്തിൽ മുടങ്ങിക്കിടക്കുന്ന സിനിമകളുടെ നിർമാതാക്കൾക്കുണ്ടായിട്ടുള്ള മനോവിഷമം എങ്ങനെ പരിഹരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിർമാതാക്കൾക്ക് മനോവിഷമമല്ല മനോരോഗമാണ് എന്നായിരുന്നു ഷെയ്ന്റെ മറുപടി. സംഭവത്തിൽ ഖേദം പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ യാതൊരു ചർച്ചകൾക്കും ഇല്ലെന്ന നിലപാടിലാണ് നിർമാതാക്കളും.
ഇതേ സമയം, മലയാള സിനിമയിലെ സംഘടനകൾക്കു പരിഹരിക്കാവുന്ന വിഷയം മാത്രമാണിതെന്നു മന്ത്രി എ.കെ.ബാലൻപ്രതികരിച്ചു. ഇതു സംബന്ധിച്ചു ഫെഫ്ക ജനറൽ സെക്രട്ടറി ബി .ഉണ്ണികൃഷ്ണനുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.