കൊച്ചി: വെയില് സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നടന് ഷെയിന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
നടന്മൂലം രണ്ട് സിനിമകളുടെ ചിത്രീകരണമാണ് മുടങ്ങിയിട്ടുള്ളതെന്നും രണ്ടാമത്തെ സിനിമയുടെ കാര്യത്തില്‍കൂടി തീരുമാനമായശേഷം മാത്രമേ ഇതിന്മേല് കൂടുതല്‍ പ്രതികരണത്തിനുള്ളൂവെന്നും അസോസിയേഷന് പ്രസിഡന്റ് എം. രഞ്ജിത് വ്യക്തമാക്കി.
രണ്ടാമത്തെ സിനിമയുടെ കാര്യത്തിലും അനുകൂല നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.
പ്രതിഫല തര്‍ക്കം മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമിക്കണമെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ വീണ്ടും സഹകരിക്കാമെന്നുമാണ് ഷെയിന്‍ സിനിമയുടെ നിര്‍മാതാവായ ജോബി ജോര്‍ജിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നിട്ടുള്ള കാര്യങ്ങളില്‍ തനിക്ക് തെറ്റുപറ്റി. നിലവില്‍ നല്‍കിയിട്ടുള്ള 24 ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന് നാഗം ഷെയ്ന് കത്തില്‍ പറഞ്ഞു.
എന്നാല്‍, വിഷയത്തില്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ഷെയിന്‍ നല്കിയ കത്ത് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറിയത്.
കത്ത് ലഭിച്ചെന്നു വ്യക്തമാക്കിയ ഭാരവാഹികള്‍ ഇതിന്മേല് ഇപ്പോള്‍ ചര്‍ച്ചയില്ലെന്നും രണ്ടാമത്തെ സിനിമയുടെ കാര്യത്തില്‍കൂടി തീരുമാനമായശേഷം ആലോചിക്കാമെന്നുമുള്ള തീരുമാനത്തിലാണ്.