ഷെയ്ൻ- വെയിൽ വിവാദവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നും ഔദ്യോഗികമായി തന്നെ ആരും വിളിച്ച് വിലക്കിനെക്കുറിച്ച് അറിയിച്ചില്ലെന്നും താരം വ്യക്തമാക്കി.
ഒരു അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. എങ്ങനെയാണ് തന്നെ വിലക്കാൻ പറ്റുക?. കൈയും കാലും കെട്ടിയിട്ടോ?. എനിക്ക് വേറെ ജോലിയൊന്നും ചെയ്യാൻ അറിയില്ല. ഞാൻ ഇതു തന്നെ ചെയ്യും. മുടി മുറിച്ചത് എന്റെ പ്രതിഷേധമാണ്. എല്ലാവർക്കും വന്ന് കൊട്ടിയിട്ട് പോകുവാനുള്ള ചെണ്ടയാണ് ഞാൻ.
ഞാൻ ഈ സിനിമ ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് ഞാൻ എന്തിന് പണം നൽകണം. നടപടിയെടുക്കില്ലെന്ന് അസോസിയേഷനിലെ അംഗങ്ങളായ സിയാദ് കോക്കർ, ആന്റോ ജോസഫ്, സുബൈർ എന്നിവർ പറഞ്ഞു. അസോസിയേഷൻ പറഞ്ഞ കാര്യങ്ങൾ ഞാൻ വിശ്വസിച്ചു.
എന്റെ ഭാഗം ആരും കേട്ടിട്ടില്ല. വെയിലിന്റെ ചിത്രീകരണത്തിനിടെ ശരിക്കും ബുദ്ധിമുട്ടി. 17, 18 മണിക്കൂർ ഞാൻ തുടർച്ചയായി ജോലി ചെയ്തു. അസോസിയേഷനിലെ ആളുകൾ വലിയ പെരുന്നാൾ ഇറക്കില്ലെന്ന് വരെ പറഞ്ഞു.
എന്റെ ജോലി ഞാൻ ചെയ്യും. വിലക്കിന് കാലാവധിയുണ്ടാകുമല്ലോ. ജോബി ജോർജ് വണ്ടിയിടിച്ചു കൊല്ലുമന്ന് പറഞ്ഞു. അതൊക്കെ സംഭവിക്കുവാൻ സാധ്യതയുണ്ട്. സത്യം പറഞ്ഞാൽ ഞാൻ കഞ്ചാവാണെന്നും ഇലുമിനാറ്റിയാണെന്നെല്ലാം പറയും. അവർ പറയുന്നത് കേട്ട് മാറി നിൽക്കണം അതാണ് അവർക്ക് വേണ്ടത്. അവരുടെ സിനിമ ഞാൻ ചെയ്യില്ലന്ന് പറഞ്ഞിട്ടില്ല. ഇത് പൊളിറ്റിക്സാണ്. ഇത് കാലം തെളിയിക്കും.
കൊച്ചിയിൽ ചേർന്ന വാർത്താ സമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടന ഷെയ്നിനെ വിലക്കിയതായുള്ള തീരുമാനം അറിയിച്ചത്. വെയിൽ, കുർബാനി എന്നീ സിനിമകൾ ഉപേക്ഷിച്ചതായും സംഘടന അറിയിച്ചു. രണ്ട് സിനിമകൾക്ക് സംഭവിച്ച ഏഴ് കോടി രൂപ ഷെയ്നിൽ നിന്നും ഈടാക്കുമെന്നും നഷ്ടം നികത്തുന്നതു വരെ ഷെയ്നുമായി സഹകരിക്കില്ലെന്നും സംഘടന അറിയിച്ചു.