ഒപ്പം കളിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും സ്വാർഥനായ കളിക്കാരനാണ് സ്റ്റീവ് വോയെന്ന് ഓസ്ട്രേലിയൻ മുൻ താരമായ ഷെയ്ൻ വോണ്‍. ഓസീസ് മുൻ ക്യാപ്റ്റനായ വോ എപ്പോഴും ആശങ്കപ്പെട്ടിരുന്നത് ശരാശരി 50 റണ്‍സ് എങ്കിലും എടുക്കുന്നതിൽ മാത്രമായിരുന്നു എന്നും വോണ്‍ തന്റെ ആത്മകഥാ പുസ്തകം ദ ടൈംസിൽ വ്യക്തമാക്കുന്നു.
1999ൽ വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തവേ വോ തന്നെ പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കിയപ്പോൾ തളർന്നുപോയെന്നും വോണ്‍ പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഉപനായകൻകൂടിയായിരുന്ന തന്നെ നാലാം ടെസ്റ്റിൽ കളിപ്പിക്കാതിരിക്കാനുള്ള തീരുമാനം വോ ടീം സെലക്ഷൻ മീറ്റിൽ പറഞ്ഞപ്പോൾ പിന്നീടൊരിക്കലും തിരിച്ചുവരാൻ സാധിക്കുമെന്ന് കരുതിയില്ല- വോണ്‍ എഴുതുന്നു.
വിംബിൾഡണ്‍ ടെന്നീസ് വേദിയിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പച്ചത്തൊപ്പി അണിഞ്ഞ് പോകാതിരുന്നത് അനുചിതമായി തോന്നിയതിനാലാണ്- വോണ്‍ വ്യക്തമാക്കി. സ്റ്റീവ് വോ, ലാംഗർ, ആദം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ തുടങ്ങിയവരെല്ലാം പച്ചത്തൊപ്പി അണിഞ്ഞായിരുന്നു വിംബിൾഡണ്‍ വേദിയിലെത്തിയത്.