ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വൈന്‍സ്റ്റൈഗര്‍(32) എന്ന ഷ്വൈനി അമേരിക്കയിലേക്കു ചേക്കേറുന്നു. അമേരിക്കയിലെ എംഎല്‍എസ് ക്ലബ് ഷിക്കാഗോയിലേക്കാണ് ഷ്വൈനിയുടെ കൂടുമാറ്റം. ജര്‍മന്‍ ദേശീയ ഫുട്ബോളില്‍ നിന്നും വിരമിച്ച മധ്യനിര താരമായ ഷ്വൈനി നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ്.
ഷിക്കാഗോ എംഎല്‍എസ് ക്ലബിന്റെ ഒരു വര്‍ഷത്തെ കരാര്‍പ്രകാരം ഷ്വൈനിക്ക് നാലു കോടി യൂറോയാണ് പ്രതിഫലമായി ലഭിക്കുന്നത്.‘’എന്റെ കരിയറില്‍ ഞാന്‍ സ്ഥിരതയാര്ന്നപ്രകടനം കാഴ്ചവയ്ക്കാന്‍ നല്ല വഴിയായി ഈ കൂടുമാറ്റത്തെ കാണുന്നു. ഷിക്കാഗോയിലേക്കുള്ള എന്റെ മാറ്റത്തെ, മറ്റൊന്നായി കാണരുത്. ഞാന്‍ ക്ലബിന്റെ ദര്‍ശനവും തത്വശാസ്ത്രവും മനസിലാക്കുന്നു. ഞാന്‍ ഈ പ്രോജക്റ്റുമായി സഹായിക്കാന്‍ താത്പര്യപ്പെടുന്നു, -ഷ്വൈനി കുറിച്ചു.
നിലവിലെ ഫിഫ ലോകഫുട്ബോള്‍ ചാമ്പ്യന്മാരായ ജര്‍മനിയുടെ ദേശീയ ടീമില്‍ 12 വര്‍ഷം കളിച്ചു. 2014 ലാണ് ജര്‍മന്‍ ഫുട്ബോള്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. 120 രാജ്യാന്തര മല്‍സരങ്ങളില്‍ 24 ഗോളുകള്‍ നേടിയ ഷ്വൈനി 2004 ജൂണ്‍ ആറിനാണ് ആദ്യമായി അന്താരാഷ്ട്രതലത്തില്‍ ജര്‍മനിക്കുവേണ്ടി കുപ്പായമണിയുന്നത്.
ആകെ എട്ടു വലിയ ടൂര്‍ണമെന്റുകളില്‍ ബൂട്ടണിഞ്ഞു. 2004, 2008,2012, 2016 എന്നീ വര്‍ഷങ്ങളിലെ യൂറോകപ്പിലും, 2006, 2010,2014 ലോകകപ്പിലും ജര്‍മനിക്കുവേണ്ടി കളിച്ചു. സെര്‍ബിയന്‍ ടെന്നീസ് താരമായ അന ഇവാനോവിച്ചാണ് ഭാര്യ.
ജോസ് കുമ്പിളുവേലില്‍