കൊല്ലം: ഭർതൃമതിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട് കോടതി ഉത്തരവായി. മീനാട് വരിഞ്ഞം തെങ്ങുവിള വീട്ടിൽ ഷൈനി (32) കൊല്ലപ്പെട്ട കേസിലാണ് ചാത്തന്നൂർ മീനാട് കാരംകോട് ആർ.കെ. നിവാസിൽ രാജേഷ് കുമാറിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതി – രണ്ട് ജഡ്ജി കെ.എൻ സുജിത്ത് കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.
2015 ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഷൈനിയുടെ ഭർത്താവ് വിദേശത്ത് നിന്നും നാട്ടിൽ വരുന്നതിനെ തുടർന്ന് തന്റെ വീട്ടിൽ വരരുതെന്ന് പറഞ്ഞ് ഇവരുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന രാജേഷിനെ വിലക്കി. എന്നാൽ ഷൈനിയിൽ നിന്നും 15000 രൂപ കടം വാങ്ങിയത് തിരികെ കൊടുക്കാനായിരുന്നു പ്രതി സംഭവദിവസം രാത്രി യുവതിയുടെ വീട്ടിലെത്തിയതത്രെ.
തിരികെ പോകാൻ കൂട്ടാക്കാതെ നിന്ന പ്രതിയെ ഭയപ്പെടുത്താൻ വേണ്ടിയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെടുത്ത് ഷൈനി ദേഹത്തൊഴിച്ചത്. ഈ സമയം വീടിന് പുറത്ത് നിന്ന പ്രതി ജനാലയിൽക്കൂടി തീപ്പെട്ടി ഉരച്ച് ഷൈനിയുടെ ദേഹത്തിടുകയായിരുന്നു. ദേഹമാസകലം തീ കത്തിയ യുവതി പ്രാണരക്ഷാർഥം പ്രതിയെ പിടിക്കാൻ ശ്രമിക്കുകയും പ്രതി യുവതിയെ തള്ളിമാറ്റിയശേഷംവാഹനത്തിൽ കയറിപ്പോവുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 11ന് യുവതി മരണപ്പെട്ടു. സംഭവ സമയം ഷൈനിയുടെ മക്കൾ ദൃക്സാക്ഷികളായിരുന്നു. സാക്ഷികൾ പ്രതിക്കനുകൂലമായി കൂറുമാറാത്ത കേസിൽ ഷൈനി നൽകിയ മരണമൊഴിയിലെ വൈരുദ്ധ്യം സംശയം ജനിപ്പിക്കുന്നതാണെന്ന് കോടതി കണ്ടെത്തി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കൊട്ടിയം എൻ. അജിത്കുമാർ, ചാത്തന്നൂർ എം. ജയചന്ദ്രൻ, മഞ്ചു പ്രഭാകരൻ എന്നിവർ ഹാജരായി.