മൂലമറ്റം: രോഗബാധിതനായ യാത്രക്കാരന് കരുണയുടെ കൈത്താങ്ങായി മാറിയ മൂലമറ്റം ഡിപ്പോയിലെ കെ എസ്ആർടിസി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. തിരുവനന്തപുരത്തു നിന്നും മൂലമറ്റത്തേയ്ക്കു ചൊവ്വാഴ്ച പകൽ 1.30നു വന്ന കെ എസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വച്ച് രോഗാവസ്ഥയിലായ കൊട്ടാരക്കര സ്വദേശി ഷയിൻസിനെ (46) കൃത്യമായി ആശുപത്രിയിൽ എത്തിക്കുകയും കൂടെ നിന്നും പരിചരിക്കുകയും ചെയ്ത ഡിപ്പോയിലെ ഡ്രൈവർ ഒ.കെ. നവാസിനും കണ്ടക്ടർ ഷൈൻഖാനുമാണ് അഭിനനങ്ങളുടെ നറുമലരുകളെത്തുന്നത്.
ബസിൽ വച്ച് രോഗാവസ്ഥയിലായ യാത്രക്കാരനു മതിയായ ചികിൽസ നൽകാതെയും അപകടത്തിൽപ്പെട്ടയാളെ വഴിയിൽ ഉപേക്ഷിച്ചു പോകുകയും വിശപ്പു സഹിക്കാതെ ഭക്ഷണം മോഷ്ടിച്ച ആദിവാസിയെ തല്ലിക്കൊന്ന സംഭവങ്ങൾ ഉൾപ്പെടെ മനസാക്ഷി മരവിച്ച സമൂഹ മധ്യത്തിലേക്കാണ് ഇവരുടെ നൻമയുടെ കഥയെത്തിയത്.
ബസ് യാത്രക്കിടയിൽ ഷെയിൻസിനു അപ്രതീക്ഷിതമായി രോഗം ഉണ്ടാകുകയായിരുന്നു. വായിൽ നിന്നും നുരയും, പതയും വന്ന് തളർന്നു വീണ് അബോധാവസ്ഥയിലാവുകയും ചെയ്തതോടെയാണ് ഇവരുടെ സഹോദര സ്നേഹം ഉണർന്നത്. 50 ഓളം യാത്രക്കാരുമായി വന്ന ബസ് വാളകത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
ഉടൻ തന്നെ യാ്രത്രക്കാരോടൊപ്പം ഷൈൻഖാനും നവാസും ചേർന്ന് വാളകം മേഴ്സി ആശുപത്രിയിലേക്ക് ബസ് പായിക്കുകയായിരുന്നു. മെയിൻ റോഡിൽ നിന്നും 200 മീറ്റർ അകലെയുള്ള ആശുപത്രിയിൽ ഓടി ചെന്ന് ഷൈൻഖാൻ വിവരം ധരിപ്പിച്ചു. ഉടൻ ആശുപത്രി അധിക്യതർ സ്ട്രക്ച്ചറുമായി വന്ന് രോഗിയേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈദ്യ സഹായം നൽകുകയുമായിരുന്നു.
വർഷങ്ങളായി അപസ്മാര രോഗത്തിനു ചികിത്സയിലുള്ള ഷിൻസിനു രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോയതാണ് പെട്ടന്ന് രോഗമുണ്ടാകാൻ കാരണം എന്നു ചികിത്സ നടത്തിയ ഡോക്ടർ പറഞ്ഞു. വളരെ വേഗത്തിൽ ക്യത്യ സമയത്ത് എത്തിക്കാനായതു കൊണ്ടാണ് അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർ വ്യക്തമാക്കി. ഷുഗർ കുറഞ്ഞ് അവശരാകുന്നവർ മരണപ്പെടാൻ സാധ്യതയേറെയാണെന്നും ഡോക്ടർ പറഞ്ഞതായി ജീവനക്കാർ പറഞ്ഞൂ.
സംഭവം ഉണ്ടായതിനെ തുടർന്നു കെ എസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലും തിരുവനന്തപുരം കണ്ട്രോൾ റൂമിലും വിവരമറിയിച്ചു. പിന്നീട് രോഗിക്കൊപ്പം നിന്നു ബന്ധുക്കളെന്ന പോലെ വേണ്ട പരിചരണം നൽകി. ഈ സമയമെല്ലാം ഒരു ബുദ്ധിമുട്ടും പറയാതെ യാത്രക്കാരും കാത്തിരുന്നു. കൊട്ടാരക്കരയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഷയിൻസിന്റെ വീട്.
ഷയിൻസിന്റെ മൊബൈലിൽ നിന്നും ഭാര്യയെ വിവരമറിയിച്ചതിനെ തുടർന്ന് ഭാര്യയും സഹോദരനും കൂടി ആശുപത്രിയിൽ എത്തിയ ശേഷം വിവരങ്ങൾ ഇവരെ കൃത്യമായി ധരിപ്പിച്ചതിനുശേഷമാണ് ബസ് യാത്ര തുടർന്നത്. ഒരു മണിക്കൂറോളം ബസ് നിർത്തിയിടേണ്ടി വന്നു. വൈകിട്ടു ആറു മണിക്കു മൂലമറ്റത്ത് എത്തേണ്ട ബസ് 7.30നാണ് എത്തിയത് ബസ് ജീവനക്കാരായ ഇരുവർക്കും യാത്രക്കാർക്കും മനസു നിറഞ്ഞ നന്ദി വാക്കുകൾ പറഞ്ഞാണ് ഷെയിൻസിന്റെ ബന്ധുക്കൾ ഇവരെ യാത്രയാക്കിയത്.
മൂലമറ്റം ഡിപ്പോയിൽ ഏതാനും വർഷങ്ങളായി ജോലി നോക്കുന്ന ഡ്രൈവർ ഒ.കെ.നവാസ് കാഞ്ഞാർ സ്വദേശിയും കണ്ടക്ടർ ഷൈൻഖാൻ തിരവനന്തപുരം കഴക്കൂട്ടം സ്വദേശിയുമാണ്. ആശുപത്രിയിൽ ക്യത്യ സമയത്ത് രോഗിയെ എത്തിച്ചതിനു ആശുപത്രി അധിക്യതരും യാത്രക്കാരും ഇവരെ അഭിനന്ദിച്ചിരുന്നു.
ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കെ എസ്ആർടിസി അധികൃതരും നാട്ടുകാരും ഇവരെ അഭിനന്ദനം അറിയിച്ചു. എന്നാൽ ഒരു സഹോദരനോടു കാണിക്കേണ്ട കടമ മാത്രമാണ് തങ്ങൾ ചെയ്തതെന്നു വിനയത്തോടെ നവാസും ഷൈൻ ഖാനും പറയുന്നു.