കൊച്ചി: നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്കിനെതിരേ നടൻ ഷെയ്ൻ നിഗം രംഗത്ത്. വിലക്ക് അംഗീകരിക്കാൻ കഴിയില്ല. തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് നിർമാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചത്. സംഘടനയുടെ രേഖമൂലമുള്ള തീരുമാനം വന്നശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഷെയ്ൻ നിഗം അറിയിച്ചു.
ഷെയ്നിനെതിരായ പരാതി പരിശോധിക്കുമെന്ന് അമ്മ
കൊച്ചി: ഷെയ്ൻ നിഗമിനെതിരായ പരാതി ചർച്ച ചെയ്യുമെന്ന് അമ്മ സംഘടന. നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.
വെയിൽ, കുർബാനി എന്നീ സിനിമകളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിൽ ഷെയ്ൻ നിഗമിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. നിർമാതാക്കൾക്കുണ്ടായ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.