പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേർകൂടി അറസ്റ്റിൽ.
കുന്നംകാട് സ്വദേശികളായ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ടുപേർ പിടിയിലായി.
കൊലപാതകം നടക്കുന്പോൾ ഇപ്പോൾ പിടിയിലായ നാലുപേരും സ്ഥലത്തുണ്ടായിരുന്നു എന്നാണു പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അനീഷ്, ശബരീഷ്, സുജീഷ്, നവീൻ എന്നിവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു മലന്പുഴ കോടതി റിമാൻഡ് ചെയ്തു.
നിലവിലെ പ്രതിപ്പട്ടികയിലുള്ള എട്ടുപേരാണെങ്കിലും ഇതിൽ കൂടുതലുണ്ടെന്നാണു സൂചന. പ്രതികൾ കൊലപാതകം നടക്കുന്നതിനു രണ്ടുദിവസം മുന്പ് പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിയിൽ മറ്റാരൊക്കെ പങ്കെടുത്തെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികൾ ക്ക് പുറത്തുനിന്നുള്ള പിന്തുണയുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തിവിരോധമാകാം കൊലപാതകത്തിനു കാരണമെന്നാണു അനുമാനം.
അതേസമയം, ഷാജഹാൻ കൊലപാതകക്കേസിലെ രണ്ടാം പ്രതിയുടെ പ്രസ്താവന വിവാദത്തിനിടയാക്കി. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും തങ്ങൾ സിപിഎമ്മുകാരാണെന്നുമാണു കേസിലെ രണ്ടാം പ്രതി അനീഷ് പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോൾ വ്യക്തമാക്കിയത്.
ബിജെപി അനുഭാവികളായ എട്ടുപേർ രാഷ്ട്രീയ വിരോധത്താൽ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അറസ്റ്റിലായവരുടെ രാഷ്ട്രീയം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പോലീസ് വിശദീകരണത്തിനെതിരേ സിപിഎം
പാലക്കാട്: ഷാജഹാന്റെ കൊലപാതകം വ്യക്തിവിരോധത്തെ തുടർന്നാണെന്ന പോലീസ് വിശദീകരണത്തിനെതിരേ സിപിഎം രംഗത്ത്.
കൊലപാതകത്തിനു കാരണം വ്യക്തിവിരോധമാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും പിന്നിൽ ആരുടെയോ പ്രത്യേക അജൻഡയുണ്ടെന്നും സിപിഎം ആരോപിച്ചു.
കൊലപാതകത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്കു കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയത്.
വ്യക്തിവിരോധത്തെത്തുടർന്നുള്ള കൊലപാതകമാണെന്നു പോലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ചോദിച്ചു.
പ്രതികൾ ആരും സിപിഎം പാർട്ടി മെംബർമാർ ആയിരുന്നില്ല. ശബരീഷും അനീഷും പാർട്ടി മെംബർമാരല്ല. മുന്പ് ഇരുവരും പാർട്ടിയുമായി അടുത്തുനിന്നവരാണ്.
ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെയാണ് വിയോജിപ്പെന്ന എസ്പിയുടെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച സിപിഎം, എസ്പി എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നതെന്നും ചോദിച്ചു.