ചെങ്ങന്നൂർ: ചെങ്ങന്നൂർ പാലത്തുംപാട്ട് സ്കൈ ജ്വല്ലറി ഉടമ ബാബുജോണിന്റെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വേലക്കാരിയും സുഹൃത്തും പിടിയിൽ.
മുളക്കുഴ കോട്ട കുരുട്ടുമോടിക്കൽ പരേതനായ ബാലന്റെ ഭാര്യ സുജാത(44) ഇവരുടെ സുഹൃത്ത് ഹരിപ്പാട് ചിങ്ങോലി പേരാത്തേരി പടീറ്റതിൽ ഷാജഹാൻ(39) എന്നിവരേയാണ് ചെങ്ങന്നൂർ ഐഒപി ദിലീപ്ഖാൻ, എസ്ഐ എം.സുദിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നാണ് ബാബുജോണിന്റെ വീട്ടിൽ മോഷണം നടന്നത്. ഇയാളുടെ മുറിക്കുള്ളിൽ പേഴ്സിൽ സൂക്ഷിച്ചിരുന്ന വിദേശകറൻസികളാണ് മോഷ്ടിക്കപ്പെട്ടത്.
മുറിയുടെ താക്കോലിന്റെ ഡൂപ്ലിക്കേറ്റ് സുഹൃത്തായ ഷാജഹാനെ കൊണ്ട് ഉണ്ടാക്കിച്ച് മുറി തുറന്ന് പേഴ്സിലുണ്ടായിരുന്ന തായ്ലൻഡ്, ദുബായി ദിർഹം എന്നീ വിദേശ കറൻസിനോട്ടുകൾ സുജാത മോഷ്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിക്കപ്പെട്ട കറൻസി നോട്ടുകൾ പന്തളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവയ്ക്ക് 14000 രൂപയോളം മൂല്യം വരുമെന്നും പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.