സ്വന്തം ലേഖകൻ
പാലക്കാട്: മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ പിടിയിലായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായത്.
കൊലപാതക കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മറ്റുപ്രതികളെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് അന്വേഷിക്കുന്നത്.
രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കൊലപാതകം രാഷ്്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം.
കൊലപാതകം ആസൂത്രിതമാണ്. ഈ ആസൂത്രിതമായ കൊലയ്ക്കു പിന്നിൽ ബിജെപി ആണെന്നും കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല.
ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഷാജഹാൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായശേഷമാണ് തർക്കം തുടങ്ങിയത്.
പ്രതികൾ ഒരു വർഷം മുന്പ് വരെ സിപിഎം പ്രവർത്തകർ ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.എന്നാൽ ഷാജഹാൻ കൊലക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണെന്നും കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്കു ലഭിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ബിജെപി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണെന്നും സുരേഷ് ബാബു വിമർശിച്ചു.
പ്രതിപ്പട്ടികയിൽ എട്ടു ബിജെപി പ്രവർത്തകർ
ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽതയാറാക്കിയ എഫ്ഐആർ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്.
ഷാജഹാൻ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്.ഷാജഹാന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം വാദം.
ഷാജഹാന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആർഎസ്എസ് എടുത്ത് മാറ്റിയെന്നും പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.
ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപിഎം ആരോപിച്ചു.
പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഞായറാഴ്ച രാത്രിയിലാണ് ഷാജഹാൻ വെട്ടേറ്റ് മരിച്ചത്.